ശ്രീനു എസ്|
Last Modified വെള്ളി, 11 ഡിസംബര്‍ 2020 (08:12 IST)
2021 ലെ നിയമസഭയിലേക്കുള്ള പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍ പട്ടികയില്‍ 18 വയസ് തികഞ്ഞ പരമാവധി പേരെ ഉള്‍പ്പെടുത്താന്‍ സമഗ്ര പദ്ധതിയുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച കരട് വോട്ടര്‍പട്ടികയില്‍ പരിശോധിച്ച് ആക്ഷേപങ്ങളും പരാതികളും സമര്‍പ്പിക്കാനുള്ള തീയതി ഡിസംബര്‍ 31 വരെ നീട്ടിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു.
കരട് പട്ടികയിലുള്ള അവകാശങ്ങള്‍/എതിര്‍പ്പുകള്‍ എന്നിവ വോട്ടര്‍മാര്‍ക്ക് ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം.
തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായതിനാല്‍ വോട്ടര്‍പട്ടിക പുതുക്കലിന് കൂടുതല്‍ സമയം ആവശ്യമാണെന്ന ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍മാരായ കളക്ടമാരുടെയും ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ കക്ഷികളുടേയും അഭ്യര്‍ഥന കണക്കിലെടുത്താണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീയതി നീട്ടിയത്. നിലവില്‍ 2,63,00,000 ഓളം പേരാണ് നിലവില്‍ കരട് വോട്ടര്‍പട്ടികയിലുള്ളത്. ഇത് 2,69,00,000 ഓളം ആക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ലക്ഷ്യം.
2021 ജനുവരി ഒന്നിനോ അതിനുമുമ്പോ 18 വയസ് പൂര്‍ത്തിയാകുന്ന അര്‍ഹര്‍ക്ക് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനും, നിലവിലുള്ള വോട്ടര്‍മാര്‍ക്ക് പട്ടികയിലെ വിവരങ്ങളില്‍ നിയമാനുസൃത മാറ്റങ്ങള്‍ വരുത്താനും സാധിക്കും. പ്രായപൂര്‍ത്തിയായ ആരും വോട്ടര്‍പട്ടികയില്‍നിന്ന് വിട്ടുപോകാതിരിക്കാന്‍ 31 വരെ സമഗ്രമായ ക്യാമ്പയിന്‍ നടത്തുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. ഇതിനായി എല്ലാ വകുപ്പുകളുടെയും സഹകരണം ഉപയോഗപ്പെടുത്തും. വോട്ടര്‍പട്ടികയില്‍ എല്ലാ അര്‍ഹരെയും ഉള്‍പ്പെടുത്തുന്നത് വേഗത്തിലാക്കാന്‍ വിവിധ വകുപ്പ് സെക്രട്ടറിമാരുമായും ഉദ്യോഗസ്ഥരുമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ചര്‍ച്ച നടത്തി.