തെരഞ്ഞെടുപ്പില്‍ ബില്‍കുല്‍ വിജയിച്ചു, ലവനും കുശനും തോറ്റു

എ കെ ജെ അയ്യര്‍| Last Modified ശനി, 19 ഡിസം‌ബര്‍ 2020 (18:21 IST)



ആലപ്പുഴ: തെരഞ്ഞെടുപ്പ് വന്നപ്പോള്‍ പേരിലെ കൗതുകം വോട്ടാക്കി മാറ്റാം എന്ന ചിന്തയോടെ സ്ഥാനാര്ഥികളായവരും ഉണ്ട്. ഇവരില്‍ ജില്ലയില്‍ നിന്ന് മത്സരിച്ചവരില്‍ ഏറെ കൗതുകം സൃഷ്ടിച്ചവരാണ് രാമായണത്തിലെ ശ്രീരാമന്റെ മക്കളുടെ പേരുള്ള ലവന്‍, കുശന്‍, വിദേശ ഗുസ്തി വീരനായ കിങ്കോങ്, തീര്‍ച്ചയായും എന്ന അര്‍ഥം വരുന്ന ഹിന്ദി ഭാഷയിലെ വാക്കായ ബില്‍കുല്‍ തുടങ്ങിയവര്‍.

എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ വിജയം കൈവരിച്ചത് ബില്‍കുല്‍ മാത്രമാണ്. വയലാര്‍ ഗ്രാമ പഞ്ചായത്തിലെ പതിനാലാം വാര്‍ഡില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായാണ് പി.കെ. ബില്‍കുല്‍ മത്സരിച്ചത്. ഇവിടെ കോണ്‍ഗ്രസിലെ പി.വി.വാസുദേവനെതിരെ 371 വോട്ടിന്റെ ഭൂരിപക്ഷമാണ് ബില്‍ കുല്‍ നേടി വിജയിച്ചത്. ഹിന്ദി ഭാഷാ പ്രേമിയായ പിതാവാണ് ബില്‍കുല്‍ എന്ന പേരിട്ടത്.

കോണ്‍ഗ്രസ് ടിക്കറ്റില്‍ മാരാരിക്കുളം വടക്ക് നാലാമത്തെ വാര്‍ഡില്‍
മത്സരിച്ച കെ.കിങ്കോങ് സി.പി.എമ്മിലെ വിനോദിനോട് പരാജയപ്പെട്ടു.
അതെ സമയം മാന്നാര്‍ പതിനഞ്ചാം വാര്‍ഡിലെ ബി.ജെ.പി സ്ഥാനാര്‍ഥിയായ ലവന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ ഉണ്ണികൃഷ്ണനോടാണ് പരാജയപ്പെട്ടത്. ഇതിനൊപ്പം ആര്യാട് ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സി.കുശന്‍ യു.ഡി.എഫിലെ എം.അനില്‍ കുമാറിനോട് പരാജയപ്പെട്ടു.

പ്രസിദ്ധ സ്വാതന്ത്രസമര സേനാനിയായ മൗലാനാ അബ്ദുല്‍ കലാം ആസാദിന്റെ പേരുള്ള ആളാണ് മണ്ണഞ്ചേരി പഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മൗലാനാ അബ്ദുല്‍ കലാം ആസാദ്. എന്നാല്‍ അദ്ദേഹം ഇവിടെ എസ് ഡി.പി.ഐ സ്ഥാനാര്‍ഥി നവാസ് നൈനയോട് പരാജയപ്പെട്ടു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :