Eid al Adha:ത്യാഗത്തിൻ്റെ സ്മരണയിൽ ഇന്ന് ബലി പെരുന്നാൾ

അഭിറാം മനോഹർ| Last Modified ഞായര്‍, 10 ജൂലൈ 2022 (08:29 IST)
പ്രവാചകനായ ഇബ്രാഹിം മകൻ ഇസ്മായീലിനെ ദൈവകൽപ്പന പ്രകാരം ബലി നൽകാനൊരുങ്ങിയതിൻ്റെ ഓർമ്മ പുതുക്കി ഇസ്ലാം മതവിശ്വാസികൾ ഇന്ന് ബലിപെരുന്നാൾ ആഘോഷിക്കുന്നു. പ്രവാചകൻ്റെ ത്യാഗത്തെ വാഴ്ത്തുന്ന ഈ ദിനം പെരുന്നാൾ നമസ്കാരം കുടുംബാംഗങ്ങളുടെ ഒത്തുചേരലുകളുമായി കേരളത്തിലെ വിശ്വാസികൾ ആഘോഷിക്കും.

മനുഷ്യത്വത്തിന്റെ ഏറ്റവും ഉദാത്തമായ ആവിഷ്കാരം ത്യാഗമാണെന്ന്
ഓർമിപ്പിക്കുന്ന ദിനമാണ് ബലി പെരുന്നാളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വന്തം സുഖസന്തോഷങ്ങൾ ഉപേക്ഷിച്ച് മറ്റുള്ളവന്റെ നന്മയ്ക്കായി ആത്മാർപ്പണം ചെയ്ത മനുഷ്യരുടെ ത്യാഗമാണ് ലോകത്തെ പ്രകാശമാനമാക്കുന്നതെന്ന സന്ദേശമാണ് ഈ ദിനം പകരുന്നത്. അതുൾക്കൊള്ളാനും പങ്കുവയ്ക്കാനും ആ വിധം ബലി പെരുന്നാൾ ആഘോഷം സാർത്ഥകമാക്കാനും ഏവർക്കും സാധിക്കണം. ബലി പെരുന്നാൾ ആശംസകൾ നേർന്നുകൊണ്ട് മുഖ്യമന്ത്രി കുറിച്ചു.

ഒത്തു ചേരാനും സാഹോദര്യത്തിന്റെ മാധുര്യം നുണയാനുമുള്ള ഒരു അവസരം കൂടിയായി ഈ സുദിനം മാറട്ടെ. മനുഷ്യരെ പല കള്ളികളിലാക്കുന്ന സങ്കുചിതാശയങ്ങളുടെ അതിർവരമ്പുകൾ മായ്ച്ച് സന്തോഷം പരസ്പരം പങ്കുവയ്ക്കാനും വേദനകൾ മറന്ന് പുഞ്ചിരിക്കാനും ഏവർക്കും സാധിക്കട്ടെയെന്നും മുഖ്യമന്ത്രി കുറിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :