'സെക്‌സിന് പോകാന്‍ അനുമതി വേണം!' ഇ-പാസ് അപേക്ഷ കണ്ട് പൊലീസ് ഞെട്ടി, ഒടുവില്‍ സംഭവിച്ചത്

നെല്‍വിന്‍ വില്‍സണ്‍| Last Modified വ്യാഴം, 13 മെയ് 2021 (15:59 IST)


ലോക്ക്ഡൗണില്‍ അത്യാവശ്യക്കാര്‍ക്ക് പുറത്തിറങ്ങാനാണ് പൊലീസ് ഇ-പാസ് സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. പൊലീസ് സജ്ജമാക്കിയിരിക്കുന്ന ഓണ്‍ലൈന്‍ സൈറ്റില്‍ കയറി ജനങ്ങള്‍ക്ക് പാസിന് രജിസ്റ്റര്‍ ചെയ്യാം. എന്ത് ആവശ്യത്തിനാണ് പുറത്തിറങ്ങുന്നതെന്ന് അപേക്ഷയില്‍ കൃത്യമായി പറഞ്ഞിരിക്കണം. പൊലീസ് ഇതു പരിശോധിച്ച ശേഷം അത്യാവശ്യക്കാര്യമാണെന്ന് ബോധ്യപ്പെട്ടാല്‍ അപേക്ഷയ്ക്ക് അംഗീകാരം നല്‍കും. ഇത്തരത്തില്‍ വന്ന ഒരു അപേക്ഷ പൊലീസിനെ ഞെട്ടിച്ചിരിക്കുകയാണ്. അപേക്ഷയിലെ ആവശ്യം കേട്ടാണ് പൊലീസ് ഞെട്ടിപ്പോയത്.

സെക്‌സിന് പോകാന്‍ അനുമതി വേണമെന്നാണ് ഒരു യുവാവിന്റെ അപേക്ഷയില്‍ പറയുന്നു. കണ്ണൂരിലുള്ള ഒരു സ്ഥലത്തു വൈകുന്നേരം സെക്‌സിന് പോകണം എന്നായിരുന്നു ഇരിണാവ് സ്വദേശിയായ അപേക്ഷകന്റെ ആവശ്യം. അപേക്ഷ വായിച്ച് പൊലീസ് ഞെട്ടി. ഈ അപേക്ഷ എഎസ്പിക്ക് കൈമാറി. അപേക്ഷ അയച്ച യുവാവിനെ കൈയോടെ പിടികൂടാന്‍ വളപട്ടണം പൊലീസിന് നിര്‍ദേശം നല്‍കി. പൊലീസ് ഇയാളെ പിടികൂടുകയും ചെയ്തു.

അപേക്ഷകന്‍ വിശദീകരണം നല്‍കിയപ്പോഴാണ് പൊലീസിന് ചിരി വന്നത്. കണ്ണൂര്‍ എസ്പി ഓഫീസില്‍ കൊണ്ടുവന്നാണ് ഇയാളെ ചോദ്യം ചെയ്തത്. 'സിക്‌സ് ഒ ക്ലോക്കിന്' പുറത്തിറങ്ങണം എന്നാണ് അപേക്ഷയില്‍ ഉദ്ദേശിച്ചതെന്നും ടൈപ്പ് ചെയ്ത് വന്നപ്പോള്‍ 'സെക്‌സ്' എന്നായി മാറിയതാണെന്നും യുവാവ് വിശദീകരിച്ചു. ടൈപ്പ് ചെയ്തപ്പോള്‍ വന്ന തെറ്റാകുമെന്ന് പൊലീസിനും ബോധ്യപ്പെട്ടു. പിന്നീട് യുവാവിനെ വിട്ടയച്ചു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :