'മുടിവെട്ടണം സാറേ,' ലോക്ക്ഡൗണില്‍ ബാര്‍ബര്‍ ഷോപ്പ് ഇല്ലെന്ന് പൊലീസ്; മുടിവെട്ടുന്നത് വല്യച്ഛന്റെ മകനാണെന്ന് യുവാവ് !

നെല്‍വിന്‍ വില്‍സണ്‍| Last Modified വ്യാഴം, 13 മെയ് 2021 (13:38 IST)

ലോക്ക്ഡൗണില്‍ എങ്ങനെ പുറത്തിറങ്ങുമെന്ന് ചിന്തിക്കുകയാണ് വീട്ടിലിരിക്കുന്ന യുവാക്കള്‍. വീട്ടില്‍ അടച്ചുപൂട്ടിയിരിക്കുന്നത് ബോറടിച്ചു തുടങ്ങി പലര്‍ക്കും. അപ്പോള്‍ വണ്ടിയെടുത്ത് ഓരോ കാര്യങ്ങള്‍ പറഞ്ഞ് പുറത്തിറങ്ങും. അങ്ങനെ പുറത്തിറങ്ങുന്ന യുവാക്കള്‍ പൊലീസിന് വലിയ തലവേദനയായിരിക്കുകയാണ്. അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ പുറത്തിറങ്ങാവൂ എന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. എല്ലാ റോഡുകളിലും പൊലീസ് പരിശോധനയുണ്ട്. എന്ത് കാര്യത്തിനാണ് പുറത്തിറങ്ങുന്നതെന്ന് പൊലീസിനെ ബോധ്യപ്പെടുത്തണം. അത്യാവശ്യ കാര്യങ്ങള്‍ വല്ലതും ആണേല്‍ പൊലീസ് അംഗീകരിക്കും. ഇല്ലെങ്കില്‍ തിരിച്ചയക്കും.

ലോക്ക്ഡൗണില്‍ പൊലീസിനെ കബളിപ്പിക്കാന്‍ നോക്കിയ ഒരു യുവാവിന് അവസാനം കിട്ടിയത് എട്ടിന്റെ പണിയാണ്. പിറവം രാമമംഗലത്താണ് സംഭവം. അപ്രതീക്ഷതമായാണ് ഒരു കാര്‍ പൊലീസിനു മുന്നില്‍ വന്നു നിന്നത്. യാത്രയുടെ കാര്യം പൊലീസ് തിരക്കി. 'മുടിവെട്ടാന്‍ പോകുകയാണ് സാറേ..,' എന്നായിരുന്നു യുവാവിന്റെ മറുപടി. ലോക്ക്ഡൗണ്‍ സമയത്ത് ബാര്‍ബര്‍ ഷോപ്പ് ഇല്ലല്ലോ, പിന്നെ എവിടെ പോയി മുടിവെട്ടുമെന്നായി പൊലീസ്. അപ്പോഴും യുവാവ് പിടിച്ചുനിന്ന്. വല്യച്ഛന്റെ മകനാണ് മുടിവെട്ടുന്നതെന്ന് പൊലീസിനോട് പറഞ്ഞു. തട്ടിപ്പു മനസിലാക്കിയ പൊലീസ് കാര്‍ പിടിച്ചെടുത്തു. യുവാവിനെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇയാളുടെ ഭാര്യയെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. ഭര്‍ത്താവിന് പണി കിട്ടിയത് നന്നായിപ്പോയെന്ന് ഭാര്യ പറഞ്ഞു. ലോക്ക്ഡൗണ്‍ ആയതുകൊണ്ട് പുറത്തിറങ്ങരുതെന്ന് പലപ്പോഴും മുന്നറിയിപ്പ് നല്‍കിയിരുന്നെന്നും എന്നാല്‍ അനുസരിക്കാറില്ലെന്നും ഭാര്യ സ്റ്റേഷനില്‍ പറഞ്ഞു. ഒടുവില്‍ ഭാര്യയുടെ ജാമ്യത്തിലാണ് യുവാവിനെ പൊലീസ് വിട്ടയച്ചത്.


Read Here:
നെയ്യുള്ള പോത്തിറിച്ചി വാങ്ങാന്‍ ലോക്ക്ഡൗണില്‍ പുറത്തിറങ്ങി യുവാവ്; തലയില്‍ കൈവച്ച് പൊലീസ്


അതേസമയം, ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടും സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. കേരളത്തില്‍ ഇന്നലെ മാത്രം 43,529 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 29.75 ആണ്. ടിപിആര്‍ ഘട്ടംഘട്ടമായി കുറച്ചുകൊണ്ടുവരാനാണ് ആരോഗ്യവകുപ്പ് ലക്ഷ്യമിടുന്നത്. എന്നാല്‍, രോഗബാധ കൂടുന്നത് വലിയ വെല്ലുവിളിയാകുന്നു.

രണ്ട് ദിവസത്തിനകം സംസ്ഥാനത്തെ കോവിഡ് കണക്കുകളില്‍ കുറവ് വരുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. ഇതനുസരിച്ചാകും ലോക്ക്ഡൗണ്‍ നീട്ടണോയെന്ന കാര്യത്തില്‍ തീരുമാനമുണ്ടാവുക. കോവിഡ് വ്യാപനം അതിരൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ നീട്ടാന്‍ തന്നെയാണ് സാധ്യത. സര്‍ക്കാരും ഇക്കാര്യം പരിഗണിക്കുന്നുണ്ട്. ആരോഗ്യ വകുപ്പുംവിദഗ്ധരും ലോക്ക്ഡൗണ്‍ നീട്ടണമെന്ന് അഭിപ്രായപ്പെടുന്നു. എന്നാല്‍, അവസാഘട്ടത്തില്‍ മാത്രമേ ലോക്ക്ഡൗണ്‍ നീട്ടുന്ന കാര്യത്തില്‍ തീരുമാനമുണ്ടാവൂ എന്ന് ഇന്നലത്തെ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. നമ്മള്‍ ഇപ്പോള്‍ ഒരു ലോക്ക്ഡൗണില്‍ ആയതിനാല്‍ നീട്ടിയാലും അതുമായി മുന്നോട്ട് പോകുന്നതില്‍ പ്രശ്‌നങ്ങളുണ്ടാവില്ല എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. നിലവില്‍ മേയ് 16 നാണ് ലോക്ക്ഡൗണ്‍ അവസാനിക്കേണ്ടത്. മേയ് 15 ന് ലോക്ക്ഡൗണ്‍ നീട്ടുന്നതുമായി ബന്ധപ്പെട്ട് പ്രഖ്യാപനമുണ്ടാകും.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :