നെല്‍വിന്‍ വില്‍സണ്‍|
Last Modified വ്യാഴം, 13 മെയ് 2021 (09:05 IST)
ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടും സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. കേരളത്തില്‍ ഇന്നലെ മാത്രം 43,529 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 29.75 ആണ്. ടിപിആര്‍ ഘട്ടംഘട്ടമായി കുറച്ചുകൊണ്ടുവരാനാണ് ആരോഗ്യവകുപ്പ് ലക്ഷ്യമിടുന്നത്. എന്നാല്‍, രോഗബാധ കൂടുന്നത് വലിയ വെല്ലുവിളിയാകുന്നു.
രണ്ട് ദിവസത്തിനകം സംസ്ഥാനത്തെ കോവിഡ് കണക്കുകളില്‍ കുറവ് വരുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. ഇതനുസരിച്ചാകും ലോക്ക്ഡൗണ്‍ നീട്ടണോയെന്ന കാര്യത്തില്‍ തീരുമാനമുണ്ടാവുക. കോവിഡ് വ്യാപനം അതിരൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ നീട്ടാന്‍ തന്നെയാണ് സാധ്യത. സര്‍ക്കാരും ഇക്കാര്യം പരിഗണിക്കുന്നുണ്ട്. ആരോഗ്യ വകുപ്പുംവിദഗ്ധരും ലോക്ക്ഡൗണ്‍ നീട്ടണമെന്ന് അഭിപ്രായപ്പെടുന്നു. എന്നാല്‍, അവസാഘട്ടത്തില്‍ മാത്രമേ ലോക്ക്ഡൗണ്‍ നീട്ടുന്ന കാര്യത്തില്‍ തീരുമാനമുണ്ടാവൂ എന്ന് ഇന്നലത്തെ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. നമ്മള്‍ ഇപ്പോള്‍ ഒരു ലോക്ക്ഡൗണില്‍ ആയതിനാല്‍ നീട്ടിയാലും അതുമായി മുന്നോട്ട് പോകുന്നതില്‍ പ്രശ്‌നങ്ങളുണ്ടാവില്ല എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. നിലവില്‍ മേയ് 16 നാണ് ലോക്ക്ഡൗണ്‍ അവസാനിക്കേണ്ടത്. മേയ് 15 ന് ലോക്ക്ഡൗണ്‍ നീട്ടുന്നതുമായി ബന്ധപ്പെട്ട് പ്രഖ്യാപനമുണ്ടാകും.
ഇന്ത്യയില്‍ കോവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന ജില്ലകള്‍ ആറ് മുതല്‍ എട്ട് ആഴ്ച വരെ അടച്ചിടേണ്ടിവരുമെന്ന് ഐസിഎംആര്‍ (ഇന്ത്യന്‍ കൗണ്‍സില്‍ മെഡിക്കല്‍ റിസര്‍ച്ച്) തലവന്‍ ബല്‍റാം ഭാര്‍ഗവ പറഞ്ഞു.
'പത്ത് ശതമാനത്തിലേറെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉള്ള ഇന്ത്യയിലെ എല്ലാ ജില്ലകളും സമ്പൂര്‍ണമായി അടച്ചിടണം. ഇവിടങ്ങളില്‍ എട്ട് ആഴ്ചവരെ ലോക്ക്ഡൗണ്‍ തുടരണം. എങ്കില്‍ മാത്രമേ രോഗവ്യാപനം തടയാന്‍ സാധിക്കൂ. രാജ്യത്തെ 718 ജില്ലകളിലും ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 10 ശതമാനത്തില്‍ അധികമാണ്. ഡല്‍ഹി, മുംബൈ, ബെംഗളൂരു എന്നീ നഗരങ്ങളിലെ രോഗവ്യാപനം ഭീഷണിയാണ്. പത്ത് ശതമാനത്തില്‍ നിന്ന് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് അഞ്ച് ശതമാനത്തിലേക്ക് എത്തിയാല്‍ മാത്രം നിയന്ത്രണങ്ങള്‍ ഒഴിവാക്കാം. എന്നാല്‍, ആറ് ആഴ്ച കൊണ്ട് അങ്ങനെ സംഭവിക്കുമോ എന്ന കാര്യത്തില്‍ സംശയമാണ്,' ബല്‍റാം ഭാര്‍ഗവ പറഞ്ഞു.