മരുന്നുകള്‍ ഉപയോഗിക്കാതെ ശ്വാസകോശ സംബന്ധമായ അണുബാധകള്‍ തടയാം

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 26 ഡിസം‌ബര്‍ 2022 (18:13 IST)
ശ്വാസകോശ സംബന്ധമായ അണുബാധകള്‍ തടയുന്നതിന് മരുന്നുകള്‍ ഉപയോഗിക്കാതെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ മാര്‍ഗരേഖ പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോവിഡിന്റെ പുതിയ വകഭേദങ്ങള്‍ ഉയര്‍ന്ന പ്രതിരോധ ശേഷിയുള്ളവരിലും ആര്‍ജിത പ്രതിരോധശേഷി ഉള്ളവരിലും പോലും അണുബാധയ്ക്ക് കാരണമാകാം. ലോകമെമ്പാടും കോവിഡ്, ഇന്‍ഫ്‌ളുവന്‍സ തുടങ്ങിയ ശ്വാസകോശ രോഗങ്ങള്‍ കൂടി വരുന്ന സാഹചര്യത്തില്‍ ഇവയെ മരുന്നുകള്‍ ഉപയോഗിക്കാതെ തന്നെ ഏറ്റവും ഫലപ്രദമായി പ്രതിരോധിക്കുകയാണ് ലക്ഷ്യം. കേരളത്തില്‍ കോവിഡ് കേസുകള്‍ വളരെ കുറഞ്ഞിരിക്കുന്ന സമയമാണ്. എന്നാല്‍ ആഘോഷ സമയമായതിനാലും പുതിയ വകഭേദങ്ങള്‍ വരികയാണെങ്കിലും കേസുകള്‍ കൂടാന്‍ സാധ്യതയുണ്ട്. അതിനാല്‍ വൈറസുകള്‍ കൊണ്ടുണ്ടാകുന്ന എല്ലാത്തരം ശ്വാസകോശ രോഗങ്ങളേയും തടയാന്‍ വേണ്ടിയാണ് മാര്‍ഗരേഖ പുറത്തിറക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

മാസ്‌ക്, ശാരീരിക അകലം, കൈകളുടെ ശുചിത്വം, ശ്രദ്ധയോടെയുള്ള ചുമ-തുമ്മല്‍, വായൂ സഞ്ചാരമുള്ള മുറികള്‍ തുടങ്ങിയ ഔഷധേതര ഇടപെടലുകളിലൂടെ രോഗ സാധ്യത വളരെയധികം കുറയ്ക്കാനാകും. ഇന്‍ഫ്‌ളുവന്‍സയുടെ രോഗലക്ഷണങ്ങളും കോവിഡിന്റെ രോഗലക്ഷണങ്ങളും സമാനമാണ്. ഇത് കൂടുതല്‍ തീവ്രമായി ബാധിക്കുന്നത് പ്രായമായവരേയും മറ്റ് അനുബന്ധ രോഗമുള്ളവരേയുമാണ്. കോവിഡ് മരണങ്ങളിലും ഇത് കാണാവുന്നതാണ്. വൈറസുകള്‍ കാരണമുള്ള ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ മൂലമുണ്ടാകുന്ന ഗുരുതരപ്രശ്‌നങ്ങളും മരണങ്ങളും ഒഴിവാക്കാന്‍ വേണ്ടിയാണ് ഇത്തരമൊരു ഇടപെടല്‍ നടത്തുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :