തിരുവനന്തപുരം|
Last Updated:
വ്യാഴം, 17 ജനുവരി 2019 (18:27 IST)
നീണ്ട ഇടവേളയ്‌ക്ക് ശേഷം യുഡിഎഫിലേക്കു തിരികെ പോകാനുള്ള പിസി ജോർജ് എംഎൽഎയുടെ ശ്രമങ്ങൾക്കു തിരിച്ചടി. മുന്നണിയിലേക്കുള്ള ജോർജിന്റെ അപേക്ഷ പോലും പരിഗണിക്കേണ്ടതില്ലെന്ന് മുസ്ലിം ലീഗും കേരളാ കോണ്‍ഗ്രസും വാദിച്ചതോടെയാണ് ജോര്‍ജിന്റെ ആഗ്രഹം പൊലിഞ്ഞത്.
യുഡിഎഫിലേക്കു മടങ്ങിവരാന്‍ ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് നേതൃത്വത്തിന് ജോര്‍ജ് കത്ത് നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ കോൺഗ്രസ് നേതൃത്വവുമായി ചർച്ച നടത്തിയെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.
എന്നാല്‍, ഇന്ന് ചേര്‍ന്ന യോഗത്തില്‍ ജോര്‍ജിന്റെ അപേക്ഷ പോലും പരിഗണിക്കേണ്ടതില്ലെന്ന് യുഡിഎഫില്‍ ഭൂരിപക്ഷാഭിപ്രായം ഉയരുകയായിരുന്നു. ലീഗിന്റെയും കേരളാ കോണ്‍ഗ്രസിന്റെയും എതിര്‍പ്പാണ് ഇതിനു കാരണം.
നിയമസഭയിൽ ബിജെപിയുമായി സഹകരിച്ചു പ്രവർത്തിക്കുമെന്നു പറഞ്ഞ ജോര്‍ജ് കഴിഞ്ഞ ജനപക്ഷം സംസ്ഥാന സമിതി യോഗത്തിന് ശേഷം ബിജെപിയെയും എൻഡിഎയും തള്ളിപ്പറഞ്ഞിരിരുന്നു. ഈ യോഗത്തിലാണ് യുഡിഎഫുമായി സഹകരിക്കാൻ പാര്‍ട്ടിയില്‍ തീരുമാനമായത്.
ലോക്‍സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ടാണ് ഇന്ന് നിര്‍ണായക യോഗം ചേര്‍ന്നത്. കേരള കോൺഗ്രസ് (എം) ഒരു സീറ്റ് കൂടി അധികം ചോദിച്ചു. ഇടുക്കി സീറ്റ് വേണമെന്ന് കേരള കോൺഗ്രസ് ജേക്കബ് വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്. തുടര്‍ന്ന് സീറ്റ് വിഭജനത്തില്‍ ഘടക കക്ഷികളുമായി ഉഭയകക്ഷി ചർച്ച നടത്താന്‍ യുഡിഎഫ് യോഗം തീരുമാനിച്ചു.