മൊബൈല്‍ ഫോണ്‍ പുറത്തേക്ക് വീണാല്‍ ട്രെയിനിലെ അപായച്ചങ്ങല വലിക്കരുത്; പിഴയും തടവും ഉള്ള കുറ്റം

തുടര്‍ന്ന് ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തുകയും നഷ്ടമായ സാധനം കണ്ടെത്തിയാല്‍ ഉടമസ്ഥനു തിരിച്ചുനല്‍കുകയും ചെയ്യും

Indian Railway, RPF, Do not Pull Danger Chain if you lost Mobile Phone, മൊബൈല്‍ ഫോണ്‍ പുറത്തേക്ക് വീണാല്‍ ട്രെയിനിലെ അപായച്ചങ്ങല വലിക്കരുത്
രേണുക വേണു| Last Modified ബുധന്‍, 29 ഒക്‌ടോബര്‍ 2025 (15:34 IST)
Train Alarm Chain

ട്രെയിന്‍ യാത്രയ്ക്കിടെ കൈയില്‍ നിന്നും മൊബൈല്‍ ഫോണ്‍ പുറത്തേക്ക് വീണാല്‍ അപായച്ചങ്ങല വലിക്കരുതെന്ന് ആര്‍പിഎഫ് മുന്നറിയിപ്പ്. പിഴയും തടവും ഉള്ള കുറ്റമാണിതെന്നും ആര്‍പിഎഫ് അറിയിച്ചു. യാത്രക്കാര്‍ അശ്രദ്ധമായി ഫോണ്‍ ഉപയോഗിക്കുമ്പോള്‍ പാളങ്ങളിലേക്ക് വീഴുന്ന സംഭവങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് ആര്‍പിഎഫിന്റെ ഈ നിര്‍ദ്ദേശം.

മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടതിന്റെ പേരില്‍ അപായച്ചങ്ങല വലിച്ചാല്‍ 1,000 രൂപ പിഴയോ, ഒരു വര്‍ഷം വരെ തടവോ, അല്ലെങ്കില്‍ രണ്ടും കൂടിയ ശിക്ഷയോ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് ആര്‍പിഎഫ് വൃത്തങ്ങള്‍ പറയുന്നത്.

മൊബൈല്‍ ഫോണ്‍ പുറത്തേക്ക് വീണാല്‍ ഉടനടി ചെയ്യേണ്ടത്: റെയില്‍വെ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ - 139, ആര്‍പിഎഫ് ഹെല്‍പ്പ് ലൈന്‍ നമ്പര്‍ - 182 എന്നിവയില്‍ ഏതെങ്കിലും ഒന്നിലേക്ക് വിളിക്കുക. ഫോണ്‍ എവിടെയാണോ വീണത് ആ സ്ഥലം കൃത്യമായി നോക്കിവച്ചിട്ടുണ്ടാകണം. ട്രെയിന്‍ നമ്പര്‍, സീറ്റ് നമ്പര്‍, യാത്രക്കാരന്റെ തിരിച്ചറിയല്‍ രേഖ വിവരങ്ങള്‍, ഫോണ്‍ നഷ്ടമായ സ്ഥലം എന്നിവ സഹിതം പരാതി നല്‍കണം. തുടര്‍ന്ന് ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തുകയും നഷ്ടമായ സാധനം കണ്ടെത്തിയാല്‍ ഉടമസ്ഥനു തിരിച്ചുനല്‍കുകയും ചെയ്യും.
അതേസമയം മൊബൈല്‍ ഫോണ്‍, സ്വര്‍ണാഭരണങ്ങള്‍, പണം മുതലായവ മോഷ്ടിക്കപ്പെടുകയാണെങ്കില്‍, ട്രെയിന്‍ നിര്‍ത്തുന്നതിനായി അപായച്ചങ്ങല വലിക്കുന്നതില്‍ തെറ്റില്ലെന്നും ആര്‍പിഎഫ് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :