ദിലീപിന്റെ റസ്റ്റോറന്റിന് മുന്നില്‍ ഡിങ്കോയിസ്റ്റുകളുടെ പ്രതിഷേധം; താരം ഡിങ്കമത വികാരത്തെ വൃണപ്പെടുത്തുന്നു, ഡിങ്കന്‍ ഉണ്ടെന്ന് പ്രതിഷേധക്കാര്‍

  ഡിങ്കോയിസ്‌റ്റ് , ദേ പുട്ട് റസ്റ്റോറന്റ് , ദിലീപ് ,  ഡിങ്കന്‍ , ഡിങ്കമതം
കൊച്ചി| jibin| Last Updated: ഞായര്‍, 31 ജനുവരി 2016 (14:45 IST)
ദിലീപിന്റെ ഉടമസ്ഥതയിലുള്ള ദേ പുട്ട് റസ്റ്റോറന്റിന് മുന്നില്‍ ഡിങ്കമതവിശ്വാസികളുടെ പ്രതിഷേധം. ദിലീപ് നായകനാകുന്ന പ്രൊഫസര്‍ ഡിങ്കന്‍ സിനിമയ്‌ക്കെതിരെയാണ് ഡിങ്കോയിസ്റ്റുകളുടെ പ്രതിഷേധം. പ്ലക്കാര്‍ഡുകളും ബാനറുകളുമായി എത്തിയ ഡിങ്കമത വിശ്വാസികള്‍ റസ്റ്റോറന്റിന് മുന്നില്‍ തടിച്ചു കൂടി പ്രതിഷേധിക്കുകയായിരുന്നു. ചിത്രം ഡിങ്കമത വിശ്വാസികളുടെ വികാരത്തെ വൃണപ്പെടുത്തുന്നുവെന്ന് ആരോപിച്ചായിരുന്നു വിചിത്രമായ ഈ പ്രതിഷേധം.

ബാലമാസികയിലടെ സുപരിചിതമായ ഡിങ്കന്‍ എന്ന കോമിക് സൂപ്പര്‍ഹീറോയെ ദൈവമായി പ്രഖ്യാപിച്ചാണ് ഡിങ്കോയിസ്റ്റുകളുടെ ഇടപെടല്‍. എല്ലാ മതത്തെയും പോലെ ഡിങ്കമതത്തിനും വികാരം ഉണ്ടെന്ന് പറയാന്‍ പറഞ്ഞുവെന്നും പ്ലക്കാര്‍ഡുകളിലുണ്ട്. സിനിമകളിലും മറ്റും ദൈവങ്ങളെയും മതത്തെയും മോശമായി ചിത്രീകരിച്ചു മതവികാരങ്ങൾ വ്രണപ്പെടുത്തി എന്നുപറഞ്ഞ് പ്രതിഷേധിക്കുന്നവരെ ആക്ഷേപിക്കുക കൂടിയാണ് ഇങ്ങനെയൊരു പ്രതിഷേധത്തിലൂടെ ഡിങ്കോയിസ്റ്റുകൾ.

ഡിങ്കമതത്തെ സംരക്ഷിക്കാന്‍ എന്ന പേരില്‍ ഫേസ്‌ബുക്കില്‍ പേജും ഇവര്‍ ആരംഭിച്ചിട്ടുണ്ട്. കൂടാതെ ദിലീപിന്റെ ഫേസ്‌ബുക്ക് പേജിലും ഇവര്‍ ആക്ഷേപങ്ങള്‍ ഇടുകയും ചെയ്‌തു. ദിലീപിനെ നായകനാക്കി പ്രശസ്ത ഛായാഗ്രാഹകന്‍ രാമചന്ദ്രബാബു ഒരുക്കുന്ന ചിത്രമാണ് പ്രൊഫസർ ഡിങ്കൻ. ത്രീഡി രൂപത്തിലെത്തുന്ന ചിത്രം സനല്‍ തോട്ടമാണ് നിര്‍മ്മിക്കുന്നത്. സംവിധായകന്‍ റാഫിയാണ് തിരക്കഥ. ദിലീപ് ആദ്യമായാണ് ഒരു ത്രീഡി ചിത്രത്തില്‍ നായകനാകുന്നത്. മജീഷ്യന്‍ മുതുകാടും ചിത്രത്തിലുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :