രേണുക വേണു|
Last Modified തിങ്കള്‍, 7 ഫെബ്രുവരി 2022 (11:25 IST)
നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന് ആശ്വാസം. നടന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത് പ്രോസിക്യൂഷനും ക്രെം ബ്രാഞ്ചിനും തിരിച്ചടിയായി. ദിലീപിന് മുന്‍കൂര്‍ ജാമ്യം നിഷേധിക്കുമെന്നാണ് പ്രോസിക്യൂഷന്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, ദിലീപിന്റെ വാദങ്ങള്‍ അംഗീകരിച്ച കോടതി മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയായിരുന്നു. മുന്‍കൂര്‍ ജാമ്യം നിഷേധിക്കുകയാണെങ്കില്‍ ദിലീപിനെ അറസ്റ്റ് ചെയ്യാന്‍ വേണ്ടി ക്രൈം ബ്രാഞ്ച് സംഘം നടന്റെ ആലുവയിലെ വീടിനു മുന്നില്‍ എത്തിയിരുന്നു. കോടതി വിധി വന്നതോടെ ക്രൈം ബ്രാഞ്ച് സംഘം നിരാശരായി മടങ്ങിപ്പോയി.
ദിലീപിന്റെ വാദങ്ങള്‍ കണക്കിലെടുത്താണ് വിധി. തനിക്കെതിരായ ആരോപണങ്ങള്‍ വ്യക്തിവൈരാഗ്യം മൂലമുള്ളതും കെട്ടിച്ചമച്ചതുമാണെന്നാണ് ദിലീപിന്റെ വാദം. ദിലീപിനും ബന്ധുക്കളും സുഹൃത്തുക്കളും ഉള്‍പ്പെടെ അഞ്ചുപേര്‍ക്കും ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് താരത്തിനു ജാമ്യം അനുവദിച്ചിരിക്കുന്നത്. പാസ്പോര്‍ട്ട് ഹാജരാക്കണം, ഒരുലക്ഷം രൂപയുടെ രണ്ട് ആള്‍ജാമ്യം നല്‍കണം. ജസ്റ്റിസ് പി.ഗോപിനാഥിന്റേതാണ് ഉത്തരവ്.