aparna|
Last Modified തിങ്കള്‍, 13 നവംബര്‍ 2017 (15:01 IST)
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് പല നിര്‍ണായക വിവരങ്ങളും പുറംലോകത്തോട് വെളിപ്പെടുത്തിയത് മംഗളം വാരികയുടെ എഡിറ്ററായ പല്ലിശ്ശേരിയായിരുന്നു. തന്റെ പ്രതിവാര കോളമായ അഭ്രലോകത്തിലൂടെ മലയാള സിനിമയിലെ പല കൊള്ളരുതായ്മകളും പല്ലിശ്ശേരി തുറന്നു പറഞ്ഞു. മിക്കതും ദിലീപിനെതിരായിരുന്നു.
ഇപ്പോഴിതാ, പല്ലിശ്ശേരി വീണ്ടും എത്തിയിരിക്കുകയാണ്. ദിലീപിന്റെ ജാമ്യത്തിനായി ശ്രമിച്ചത് ആരൊക്കെയെന്ന ചോദ്യങ്ങള്‍ക്ക് മറുപടിയുമായിട്ടാണ് ഇത്തവണത്തെ അഭ്രലോകം. ദിലീപിന്റെ ജാമ്യക്കാര്യത്തില്‍ വക്കീലിന്റെ മിടുക്കും തെളിവുകള്‍ നോക്കിയുള്ള കോടതിയുടെ ഇടപെടലുമാണ് കാരണമായതെന്ന് പല്ലിശ്ശേരി തന്നെ സമ്മതിക്കുന്നുണ്ട്. നവംബര്‍ ഒന്നാം തീയതി പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരാള്‍ തന്നെ ഫോണില്‍ ബന്ധപ്പെട്ടുവെന്ന് പല്ലിശ്ശേരി പറയുന്നു. അദ്ദേഹവുമായി സംസാരിച്ച കാര്യങ്ങളാണ് ദിലീപ് കേസുമായി ബന്ധിപ്പിക്കുന്നത്.
ദിലീപിനായി മമ്മൂട്ടി ഇടപെട്ടെന്നും, മകളുടെ ഭാവി തകരാതിരിക്കാന്‍ മീനാക്ഷിയുടെ ആവശ്യപ്രകാരം മഞ്ജു മുഖ്യമന്ത്രിയെ സ്വാധീനിച്ചെന്നും പ്രധാനമന്ത്രിയുമായി അടുപ്പമുള്ള സുരേഷ് ഗോപി ഇടപെട്ട് ജാമ്യം ലഭിച്ചുവെന്നുമൊക്കെയുള്ള ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് പല്ലിശ്ശേരി.
പല്ലിശ്ശേരിയുടെ എഴുത്തിന്റെ പ്രസക്തഭാഗങ്ങള്‍:
ദിലീപിനു ജാമ്യം കിട്ടിയപ്പോള്‍ ഇങ്ങനെയൊക്കെ അവകാശപ്പെടുന്നത് കേട്ടാല്‍ ചിരിവരും. ജാമ്യാപേക്ഷ സമയത്ത് ജാമ്യം കൊടുക്കുന്നതിനു വിരോധമില്ലാത്ത തെളിവുകള്‍ കോടതിക്കു മുന്നില്‍ എത്തി. അതില്‍ കളികള്‍ നടന്നിട്ടുണ്ടെന്ന് ഞാന്‍ പറയുകയും ചെയ്തു. എന്തു കളി നടന്നാലും അത് കോടതി ശ്രദ്ധിക്കാറില്ല. തെളിവുകള്‍ മാത്രമേ കോടതി ശ്രദ്ധിക്കുകയുള്ളു.
പക്ഷേ, ഇക്കാര്യത്തില്‍ മമ്മൂട്ടി ഇടപെട്ടിട്ടുണ്ടെന്ന കാര്യം ഞാന്‍ വിശ്വസിക്കില്ല. അങ്ങനെ സ്വാധീനിച്ചിരുന്നെങ്കില്‍ ജാമ്യം വളരെ നേരത്തേ ലഭിക്കുമായിരുന്നു. മാത്രമല്ല, മമ്മൂട്ടിയും ദിലീപും അത്ര നല്ല ബന്ധത്തിലല്ല എന്നാണ് അറിയാന്‍ കഴിയുന്നത്. ദിലീപിന്റെ ജാമ്യത്തിനു പിന്നില്‍ മമ്മൂട്ടിയാണെന്ന പുറം പറച്ചില്‍ ആസ്വദിക്കുകയാണ് അദ്ദേഹം.
മഞ്ജു വാര്യര്‍ ആ രീതിയില്‍ ഒരിക്കലും സംസാരിക്കാന്‍ ഇടയില്ല. അങ്ങനെ സംസാരിച്ചാല്‍ തന്നെ മുഖ്യമന്ത്രി അതില്‍ ഇടപെടുമെന്ന് വിശ്വസിക്കുന്നില്ല. ദിലീപ് അറസ്റ്റ് ചെയ്യപ്പെടുന്നതിനു മുന്‍പ് സത്യം മനസ്സിലാക്കാതെ പറഞ്ഞ ചില കാര്യങ്ങള്‍ക്ക് അനുഭവിക്കേണ്ടി വന്ന നാണക്കേട് ഇപ്പോഴും ബാക്കിയാണ്. തനിക്ക് ദോഷമുണ്ടാകുന്ന ഒന്നും മുഖ്യമന്ത്രി ചെയ്യില്ല.
ജാമ്യം കിട്ടിയപ്പോള്‍ ദിലീപ് പല രീതിയില്‍ ശക്തനായി.
കേസില്‍ ആരൊക്കെ മൊഴി മാറ്റി പറഞ്ഞാലും കൂറു മാറിയാലും അന്വേഷണ ഉദ്യോഗസ്ഥര്‍ ആത്മവിശ്വാസമുള്ളവരാണ്. പ്രധാനപ്പെട്ട തെളിവുകളും സാക്ഷികളും അവരുടെ പക്കല്‍ ഉണ്ട്. മൈതാനം നിറഞ്ഞ് കളിച്ചാലും ദിലീപിനു ഗോളടിക്കാന്‍ ആകില്ല. അവസാനം വരെ തുടരെ തുടരെ ഗോളുകള്‍ അടിച്ച് പൊലീസ് വിജയിക്കും - പല്ലിശ്ശേരി പറയുന്നു.
(ഉള്ളടക്കത്തിനു കടപ്പാട്: സിനിമാ മംഗളം)