ഐ എഫ് എഫ് കെ ഡെലിഗെറ്റ് പാസ് ലഭിച്ചില്ലെന്ന് ഡോ ബിജു

തിരുവനന്തപുരം| Last Modified ബുധന്‍, 12 നവം‌ബര്‍ 2014 (16:21 IST)

കേരള ചലച്ചിത്ര മേളയില്‍ ഡെലിഗേറ്റ് പാസ്സ് അനുവദിച്ച് തന്നിട്ടില്ലെന്ന് പ്രമുഖ സംവിധായകന്‍ ഡോ ബിജു. 7 ദിവസമായി അപേക്ഷയുടെ ചോദ്യാവലി ചേരുംപടി ചേര്‍ത്ത് ഉത്തരം പൂരിപ്പിച്ചു നല്‍കിയിട്ടെന്നും ഇതേവരെ മറുപടി കിട്ടിയിട്ടില്ലെന്നും ഡോ ബിജു തന്റെ ഫേസ്ബുക്ക് കുറുപ്പില്‍ പറയുന്നു.

മേളയില്‍ കാണി ആകാനുള്ള ബുദ്ധി യോഗ്യത തനിക്കില്ലാത്തതിനാലാ‍ണോ നടപടിയെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ ഡോ ബിജു ചോദിച്ചു.
നേരത്തെ
ഇംഗ്ലീഷ് അറിയാത്തവര്‍ സംസ്ഥാന ചലച്ചിത്രമേളയില്‍ പങ്കെടുക്കേണ്ടെന്ന് പ്രശസ്ത സംവിധായകനായ അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞത് വിവാദമായിരുന്നു ഈ സാഹചര്യത്തിലാണ് ഡോ ബിജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്


ഡോ. ബിജുവിന്റെ ഫേസ്ബുക്കിന്റെ പൂര്‍ണ്ണ രൂപം ചുവടെ....


കേരള ചലച്ചിത്ര മേളയുടെ ആദ്യ വര്‍ഷങ്ങളില്‍ ഒന്നില്‍ ഒരു കുഗ്രാമത്തില്‍ നിന്ന് വന്ന ഞാന്‍ ആദ്യമായാണ് ഒരു ലോക സിനിമ ചലച്ചിത്ര മേളയില്‍ കാണുന്നത് . അതിനു മുന്‍പ് ലോക സിനിമകള്‍ കാണാന്‍ ഫിലിം സൊസൈറ്റി പോലെയുള്ള വല്യ സംഗതികള്‍ ഒന്നും ഞങ്ങളുടെ നാട്ടില്‍ ഇല്ലായിരുന്നു . ആദ്യമായാണ് ചലച്ചിത്ര മേളയില്‍ അന്ന് പങ്കെടുത്തത് , ആദ്യമായാണ് ലോക സിനിമ കണ്ടു തുടങ്ങിയതും . പിന്നെ നിരവധി വര്‍ഷങ്ങള്‍ ഐ എഫ് എഫ് കെ യില്‍ കാണിയായി . ലോക സിനിമകള്‍ കണ്ടു മാത്രമുള്ള പരിചയത്തില്‍ ഒരു സിനിമ സംവിധാനം ചെയ്തു . ഇപ്പോള്‍ ആറാമത്തെ സിനിമ ചെയ്തു കൊണ്ടിരിക്കുന്നു . ഐ എഫ് എഫ് കെ യില്‍ ആദ്യമായി ലോക സിനിമ കാണാന്‍ കഴിഞ്ഞതാണ് എന്നെ ഒരു സംവിധായകന്‍ ആക്കി മാറ്റിയത് . ഏതായാലും കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പ് ജനിച്ചത്‌ ഭാഗ്യമായി . ഇപ്പോഴെങ്ങനും ആയിരുന്നു ആദ്യമായി ചലച്ചിത്ര മേള കാണാന്‍ എത്തുന്നതെങ്കില്‍ അകത്തു കയറ്റില്ലായിരുന്നു . ആദ്യം പോയി ഫിലിം സൊസൈറ്റികളില്‍ സിനിമ കണ്ടു പഠിച്ചിട്ടു വാ എന്ന് പറഞ്ഞേനെ സാറമ്മാര് . ഞങ്ങടെ നാട്ടിലാണെങ്കില്‍ ഈ ഫിലിം സൊസൈറ്റി എന്ന സാധനം ഇപ്പോഴും വന്നിട്ടുമില്ല താനും . ഏതായാലും കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പേ ചലച്ചിത്ര മേളയില്‍ പങ്കെടുത്തത് നന്നായി . കുറച്ചു സിനിമകള്‍ കാണാന്‍ പറ്റി. ആ ഒരേ ഒരു ധൈര്യത്തില്‍ കുറച്ചു സിനിമകള്‍ ചെയ്യുകയും ചെയ്തു . അതൊക്കെ അബദ്ധം ആയിപ്പോയോ എന്തോ .അതുകൊണ്ടാണോ അതോ ഇനി ഫിലിം സൊസൈറ്റിയില്‍ സിനിമ കണ്ടു പഠിച്ചിട്ടില്ലാത്തതുകൊണ്ടാണോ എന്നറിയില്ല ഏതായാലും ഈ വര്‍ഷം എനിക്ക് ഇതുവരെ ഡെലിഗേറ്റ് പാസ്സ് അനുവദിച്ച് തന്നിട്ടില്ല . 7 ദിവസമായി അപേക്ഷയുടെ ചോദ്യാവലി ചേരുംപടി ചേര്‍ത്ത് ഉത്തരം പൂരിപ്പിച്ചു നല്‍കിയിട്ട് . ഇതേവരെ മറുപടി കിട്ടിയിട്ടില്ല . കേരളത്തിന്റെ ചലച്ചിത്ര മേളയില്‍ കാണി ആകാനുള്ള ബുദ്ധി യോഗ്യത നുമ്മക്കു കാണത്തില്ലായിരിക്കും . യേമാന്മാര്‍ കല്‍പ്പിക്കുന്നത് പോലെയാണല്ലോ അടിയങ്ങളുടെ ഭാവി ....


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :