എ കെ ജെ അയ്യര്‍|
Last Modified വെള്ളി, 1 ഏപ്രില്‍ 2022 (21:14 IST)
തൃശൂർ: നാലു വയസുകാരിയെ തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെട്ട കേസിലെ പ്രതികൾക്ക് കോടതി 7 വർഷം കഠിനതടവ് വിധിച്ചു. ചാലക്കുടി കാടുകുറ്റി എൽ.എ.ഐ.യു.പി സ്‌കൂളിലെ എൽ.കെ.ജി വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളായ കൊല്ലം ചെമ്മന്തൂർ തെക്കേ ചെറുവിള പുത്തൻവീട്ടിൽ വിനോദ് കുമാർ (47), ഇയാളുടെ ബന്ധു ആളൂർ ആനത്തടം പുത്തൻവീട്ടിൽ ഗിരിധരൻ (27) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.
പ്രതികൾക്ക് തടവ് ശിക്ഷയ്‌ക്കൊപ്പം അര ലക്ഷം രൂപ പിഴയും ശിക്ഷ നൽകിക്കൊണ്ടാണ് തൃശൂർ ഒന്നാം അഡീഷണൽ ജഡ്ജി പി.എൻ.വിനോദ് ശിക്ഷ വിധിച്ചത്. തട്ടിക്കൊണ്ടുപോകപ്പെട്ട വിദ്യാർത്ഥിയുടെ പിതാവ് ജൂവലറി ജീവനക്കാരനായിരുന്നു. എന്നാൽ ഇയാളെ ജൂവലറി ഉടമ എന്ന് തെറ്റിദ്ധരിച്ചാണ് പണം ആവശ്യപ്പെട്ടുകൊണ്ട് കുട്ടിയെ തട്ടിക്കൊണ്ടു പോയത്. പണം പ്രതീക്ഷിച്ചാണ് തങ്ങൾ മകളെ തട്ടിക്കൊണ്ടുപോയത് എന്ന് കുട്ടിയുടെ പിതാവിനെ ഫോണിലൂടെ വിവരം അറിയിച്ചു.
എന്നാൽ കൊരട്ടി പോലീസിൽ പരാതി നൽകിയതോടെ അന്വേഷണം ആരംഭിച്ചു. ഇതിനിടെ കുട്ടിയെ ചേലക്കര പള്ളിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തുകയും തുടർ അന്വേഷണത്തിൽ പ്രതികളെ പിടികൂടുകയും ചെയ്തു.