സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 19 ഒക്‌ടോബര്‍ 2022 (18:13 IST)
തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ സാമൂഹ്യ പ്രവര്‍ത്തക ദയാബായി നടത്തിവന്നിരുന്ന നിരാഹാര സമരം അവസാനിപ്പിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജും സാമൂഹ്യനീതി വകുപ്പ് മന്ത്രി ആര്‍. ബിന്ദുവും ജനറല്‍ ആശുപത്രിയില്‍ എത്തി ദയാബായിയെ കണ്ടു. ഇരുമന്ത്രിമാരും ചേര്‍ന്ന് വെള്ളം നല്‍കിയാണ് സമരം അവസാനിപ്പിച്ചത്. ഈ കാര്യങ്ങള്‍ നമുക്കൊന്നിച്ച് നേടിയെടുക്കാമെന്ന് മന്ത്രി വീണാ ജോര്‍ജ് ദയാബായിയോട് പറഞ്ഞു. എപ്പോള്‍ വേണമോ വിളിക്കാമെന്നും എല്ലാ പിന്തുണയുമുണ്ടാകുമെന്ന് മന്ത്രി ആര്‍ ബിന്ദു പറഞ്ഞു.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരോടും അവരുടെ കുടുംബത്തോടും അനുഭാവപൂര്‍ണമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുമായി ബന്ധപ്പെട്ടുള്ള വ്യക്തമായ ചര്‍ച്ചകളാണ് നടത്തിയത്. അതവര്‍ക്ക് രേഖാമൂലം നല്‍കി. അതില്‍ ചില അവ്യക്തകള്‍ ഉണ്ടെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ സമരസമിതിയുമായും ദയാബായിയുമായും ആശയ വിനിമയം നടത്തി. അതിന്റെ അടിസ്ഥനത്തില്‍ ചര്‍ച്ചചെയ്ത കാര്യങ്ങള്‍ തന്നെ കൂടുതല്‍ വ്യക്തത വരുത്തി നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.