അഭിറാം മനോഹർ|
Last Modified ചൊവ്വ, 30 നവംബര്‍ 2021 (14:51 IST)
ബംഗാൾ ഉൾക്കടലിൽ പുതിയ ചുഴലിക്കാറ്റ് രൂപപ്പെടുമെന്ന് മുന്നറിയിപ്പ്. ആൻഡമാൻ കടലിൽ രൂപപ്പെടുന്ന ന്യൂനമർദ്ദം ഡിസംബർ 3ന് ജവാദ് ചുഴലിക്കാറ്റായി മാറാൻ സാധ്യതയെന്ന് കേന്ദ്ര
കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അടുത്ത 12 മണിക്കൂറിനുള്ളിൽ ബംഗാൾ ഉൾക്കടലിലെ തെക്കൻ ആന്‍ഡമാന്‍ കടലിൽ പുതിയ ന്യൂനമർദം രൂപപ്പെടാനാണ് സാധ്യത. പടിഞ്ഞാറു - വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദം തുടർന്നുള്ള 48 മണിക്കൂറിൽ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ പ്രവേശിച്ച് തീവ്ര ന്യൂനമർദമായി ശക്തി പ്രാപിക്കാനാണ് സാധ്യത. ഇത് പിന്നീട് ജവാദ് ചുഴലിക്കാറ്റായി മാറുമെന്നാണ് നിഗമനം.
കഴിഞ്ഞമാസം ബംഗാൾ ഉൾക്കടലിൽ രൂപം കൊള്ളുമെന്നു പ്രതീക്ഷിച്ചിരുന്ന ചുഴലിക്കാറ്റിന് ലഭിക്കേണ്ട പേരായിരുന്നു ജവാദ്. എന്നാൽ ന്യൂനമർദ്ദം ദുർബലമായതോടെ ചുഴലിക്കാറ്റ് രൂപമെടുത്തില്ല. ഇത്തവണയും ന്യൂനമർദ്ദം ദുർബലമാകാൻ സാധ്യതകളുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.