അറബികടലില്‍ ഇന്ന് രാവിലെയോടെ ന്യുനമര്‍ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് സ്ഥിരീകരിച്ചു. അടുത്ത 24 മണിക്കൂറില്‍ വീണ്ടും ശക്തി പ്രാപിക്കാന്‍ സാധ്യത. ശനിയാഴ്ച രാവിലെയോടെ തീവ്ര ന്യുനമര്‍ദമായി മാറും. ഞായറാഴ്ചയോടെ ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയെന്നും പ്രവചനം. ഇന്ന് മുതല്‍ 17 വരെ കേരളത്തില്‍ ശക്തമായ കാറ്റിനും അതിതീവ്ര മഴയ്ക്കും സാധ്യത. തീരദേശ മേഖലയില്‍ പ്രത്യേക ജാഗ്രതാനിര്‍ദേശം.
'ടൗട്ടെ' (Taukte) എന്നാണ് ഈ ചുഴലിക്കാറ്റിന്റെ പേര്. മ്യാന്‍മാര്‍ ആണ് ചുഴലിക്കാറ്റിന് ഈ പേരിട്ടത്. കേരളത്തില്‍ ന്യൂനമര്‍ദത്തിന്റെ സ്വാധീനത്താല്‍ വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ന്യൂനമര്‍ദത്തിന്റെ സഞ്ചാരപദത്തില്‍ കേരളം ഇല്ലെങ്കിലും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ശക്തമായ കടലാക്രമണത്തിനും തീരപ്രദേശങ്ങളില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മെയ് 14 (വെള്ളി) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും മെയ് 15 (ശനി) മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലുമാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
അതിതീവ്ര മഴയ്ക്കുള്ള (റെഡ് അലര്‍ട്ട്) സാധ്യതയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. 24 മണിക്കൂറില്‍ 204 മില്ലി മീറ്ററിന് മുകളിലുള്ള മഴയാണ് അതിതീവ്ര മഴയെന്ന് വിളിക്കുന്നത്. ഇത്തരത്തിലുള്ള മഴ അതീവ അപകടകാരിയാണ്.
ഉച്ചയോട് കൂടി ആരംഭിക്കുന്ന ശക്തമായ ഇടിമിന്നലോട് കൂടിയ വേനല്‍ മഴ സംസ്ഥാനത്ത് തുടരുകയാണ്. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ചിട്ടുള്ള ഇടിമിന്നല്‍, ശക്തമായ കാറ്റ് ജാഗ്രത നിര്‍ദേശങ്ങള്‍ പാലിക്കുക. ഇടിമിന്നല്‍ സമയത്ത് പുറത്തിറങ്ങുന്നത് കര്‍ശനമായി ഒഴിവാക്കുക. കെട്ടിടങ്ങള്‍ക്ക് അകത്തോ വാഹനങ്ങള്‍ക്ക് ഉള്ളിലോ സുരക്ഷിതമായി തുടരുക.
മത്സ്യതൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം
2021 മെയ് 13 മുതല്‍ കേരള തീരത്ത് നിന്ന് കടലില്‍ പോകുന്നത് പൂര്‍ണ്ണമായും നിരോധിച്ചിരിക്കുന്നു.
കേന്ദ്ര കാലാവസ്ഥ വകുപ്പില്‍ നിന്ന് ലഭിച്ച ഏറ്റവും പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ന്യൂനമര്‍ദ രൂപീകരണവുമായി ബന്ധപ്പെട്ട് 2021 മെയ് 13 നോട് കൂടി തന്നെ അറബിക്കടല്‍ പ്രക്ഷുബ്ധമാവാനും കടലില്‍ ശക്തമായ കാറ്റും മോശം കാലാവസ്ഥയും രൂപപ്പെടാനും സാധ്യതയുണ്ട്. ആയതിനാല്‍ മെയ് 13 അതിരാവിലെ 12 മണി മുതല്‍ കേരള തീരത്ത് നിന്ന് കടലില്‍ പോകുന്നത് മറിച്ചൊരു അറിയിപ്പുണ്ടാകുന്നത് വരെ പൂര്‍ണ്ണമായും നിരോധിച്ചിരിക്കുന്നു.