തിരുവനന്തപുരം|
Last Modified വെള്ളി, 20 ജനുവരി 2017 (15:37 IST)
നിധിയുണ്ടെന്ന് വിശ്വസിപ്പിച്ച് വീട്ടമ്മയില്‍ നിന്ന് രണ്ടര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ 44 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. വെട്ടുകാട് ലിയോണ്‍ ഹൌസില്‍ വര്‍ഗീസിനെയാണ് മെഡിക്കല്‍ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്.
പോങ്ങമ്മൂട് ജനശക്തി നഗറില്‍ തോട്ടയ്ക്കാട് ദേവീക്ഷേത്രത്തിനടുത്തുള്ള ഗായത്രി ഭവനിലെ വീട്ടമ്മയാണു തട്ടിപ്പിനിരയായത്. ഇവരുടെ ഭര്‍ത്താവിന്‍റെ സോറിയാസിസ് രോഗം ഭേദമാക്കാനെത്തിയതായിരുന്നു വര്‍ഗീസ്.
ചികിത്സയ്ക്കിടെയാണു വീട്ടിനുള്ളില്‍ നിധിയുണ്ടെന്നും പൂജാവിധി പ്രകാരം നിധിയെടുത്തു തരാമെന്നും വര്‍ഗീസ് വീട്ടമ്മയെ വിശ്വസിപ്പിച്ചായിരുന്നു പണം തട്ടിയെടുത്തത്. ഹോമത്തിനും പൂജയ്ക്കുമായാണ് ഈ തുക വാങ്ങിയത്. ഏകദേശം നാലുമാസം വരെ പൂജയും നടത്തി.
ഇതിനിടെ നയത്തില്‍ വീട്ടമ്മയില്‍ നിന്ന് ഒരു മുദ്ര പത്രത്തില്‍ ഒപ്പുവാങ്ങുകയും ചെയ്തു. ഇതു കാണിച്ച് ഭീഷണിപ്പെടുത്തിയപ്പോഴാണ് സഹികെട്ട വീട്ടമ്മ പൊലീസില്‍ പരാതി നല്‍കിയത്. സൈബര്‍സിറ്റി അസിസ്റ്റന്‍റ് കമ്മീഷണര്‍ പ്രമോദ് കുമാറിന്‍റെ നിര്‍ദ്ദേശ പ്രകാരം മെഡി.കോളേജ് സി.ഐ സി.ബിനുകുമാറിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണു പ്രതിയെ അറസ്റ്റ് ചെയ്തത്.