തിരുവനന്തപുരം|
aparna shai|
Last Modified വെള്ളി, 20 ജനുവരി 2017 (10:10 IST)
സാമ്പത്തിക തിരിമറി കേസില്‍ ജയില്‍ എ ഡി ജി പി ആര്‍ ശ്രീലേഖയ്ക്ക് വിജിലന്‍സിന്റെ ക്ലീന്‍ചിറ്റ്. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ആയിരിക്കെ ശ്രീലേഖയുടെ ഇടപാടുകളില്‍ സാമ്പത്തിക ക്രമക്കേടുകള്‍ അടക്കം നടന്നെന്ന പരാതിയിലാണ് വിജിലന്‍സ് ക്ലീന്‍ചിറ്റ് നല്‍കിയത്. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു.
നേരത്തെ ശ്രീലേഖക്കെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുളള ഗതാഗതമന്ത്രിയുടെ ആവശ്യം ചീഫ് സെക്രട്ടറിയും തളളിയിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയാണ് അന്തിമ അനുമതി നല്‍കുന്നതെന്നായിരുന്നു അന്ന് ഗതാഗതമന്ത്രിയുടെ പ്രതികരണം. പിന്നാലെയാണ് പ്രാഥമിക പരിശോധന നടത്തി ക്ലീന്‍ചിറ്റ് നല്‍കിയുളള വിജിലന്‍സ് നടപടി. തിരുവനന്തപുരം വിജിലന്‍സ് കോടതി ഇന്ന് കേസ് പരിഗണിക്കാനിരിക്കെയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.
ശ്രീലേഖയ്ക്ക് എതിരായ പരാതി തെറ്റാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സാമ്പത്തിക തിരിമറി നടത്തിയതിന് തെളിവുകളൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. കൂടാതെ, പ്രാഥമിക റിപ്പോര്‍ട്ടില്‍ ശ്രീലേഖയ്‌ക്കെതിരെ പരാമര്‍ശങ്ങള്‍ ഉളളതായും സൂചനയുണ്ട്. വീട്ടിലേക്കുളള റോഡ് നിര്‍മ്മാണത്തിന്
ശ്രീലേഖ പ്രത്യേക പരിഗണന നല്‍കിയെന്നാണ് വിജിലന്‍സിന്റെ ആക്ഷേപം.
ഗതാഗത കമ്മീഷണറായിരിക്കെ ആര്‍ ശ്രീലേഖ കോടികളുടെ ക്രമക്കേടും നിയമന അഴിമതികളും നടത്തിയെന്ന പരാതിയിലാണ് വിജിലന്‍സ് പ്രാഥമിക അന്വേഷണം നടന്നത്. ശ്രീലേഖക്കെതിരെ വകുപ്പ് തല അന്വേഷണം നടത്തിയത് മുന്‍ ഗതാഗത കമ്മീഷണറായിരുന്ന ടോമിന്‍ തച്ചങ്കരിയാണ്. ഇദ്ദേഹമാണ് വിജിലന്‍സ് അന്വേഷണം വേണമെന്ന് ശുപാര്‍ശ ചെയ്തതും.