സിപിഎം സംസ്ഥാനസമിതി യോഗം ഇന്ന് തുടങ്ങും; വിഎസ് പങ്കെടുക്കും

സിപിഎം , വി എസ് അച്യുതാനന്ദന്‍ , സിപിഎം സംസ്ഥാനസമിതി
തിരുവനന്തപുരം| jibin| Last Modified വെള്ളി, 18 സെപ്‌റ്റംബര്‍ 2015 (07:54 IST)
സിപിഎം സംസ്ഥാന സമിതി യോഗം ഇന്ന് ആരംഭിക്കും. കേന്ദ്രനേതൃത്വത്തിന്റെ ക്ഷണപ്രകാരം വി എസ് അച്യുതാനന്ദന്‍ യോഗത്തില്‍ പങ്കെടുക്കും. തദ്ദേശ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളാകും യോഗത്തില്‍ ചര്‍ച്ചയാകുക. ഇന്നലെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറം യെച്ചൂരിയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റ് യോഗം ചേര്‍ന്നിരുന്നു.

ആറുമാസത്തെ ഇടവേളക്കു ശേഷമാണ് വിഎസ് സംസ്ഥാനസമിതിക്കെത്തുന്നത്. ആലപ്പുഴ സമ്മേളനത്തിനു ശേഷം ഒരു യോഗത്തില്‍ മാത്രമാണ് വിഎസ് പങ്കെടുത്തത്. അരുവിക്കര തോല്‍വിക്ക് ശേഷമുള്ള പ്രതിസന്ധി പരിഹരിക്കുന്നതിന്‍റെ ഭാഗമായാണ് വിഎസിനെ സംസ്ഥാന സമിതിയിലേക്ക് കേന്ദ്രനേതൃത്വം ക്ഷണിച്ചത്. ഇതേ തുടര്‍ന്ന് തൃശൂര്‍, കാസര്‍കോട് ജില്ലകളിലെ മറ്റ് പരിപാടികള്‍ റദ്ദാക്കി വിഎസ് തിരുവനന്തപുരത്തേക്ക് പുറപ്പെടും.

കേരളാ ഘടകത്തില്‍ നിലനില്‍ക്കുന്ന വി എസ് -പിണറായി വിജയന്‍ വിഭാഗീയതയും വരുന്ന തദ്ദേശതെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നിലപാടുകളും സംസ്ഥാന സമിതി യോഗത്തില്‍ ചര്‍ച്ചയാകും. മൂന്നാര്‍ സമരത്തില്‍ വി എസ് ഇടപെട്ടതും സമരം വിജയിപ്പിച്ചതും ചര്‍ച്ചയില്‍ വരുബോള്‍ എസ്എന്‍ഡിപിയുമായുള്ള പ്രശ്നങ്ങളും ചര്‍ച്ചയ്‌ക്ക് വരും.

എസ്എൻഡിപിയുമായി പ്രശ്‌നങ്ങള്‍ നിലനില്‍ക്കുബോഴും പ്രാദേശിക നേതാക്കളെ ഒപ്പം നിർത്താനുള്ള പ്രവർത്തനങ്ങൾ നടത്താൻ സിപിഎം കീഴ്ഘടകങ്ങൾക്കു നിർദേശം നൽകി. തെരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട നിലപാടുകൾ വിശദീകരിക്കാൻ ചേർന്ന മേഖലാ പ്രവർത്തക യോഗത്തിലാണു നിർദേശം.

ഏരിയാ, ലോക്കൽ കമ്മിറ്റി അംഗങ്ങൾ, ബ്രാഞ്ച് സെക്രട്ടറിമാർ, വാർഡ് കൺവീനർമാർ, ബൂത്ത് സെക്രട്ടറിമാർ എന്നിവരെ പങ്കെടുപ്പിച്ചു ജില്ലയിലെ നാലു മേഖലകളിലായി നടത്തിയ യോഗത്തിൽ പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനാണു തദ്ദേശ തെരഞ്ഞെടുപ്പ് സംബന്ധിച്ച പാർട്ടി തീരുമാനങ്ങൾ റിപ്പോർട്ട് ചെയ്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :