തൃശൂർ|
jibin|
Last Modified വെള്ളി, 23 ഫെബ്രുവരി 2018 (15:36 IST)
സിപിഎം സംസ്ഥാന സമ്മേളനത്തില്‍ സിപിഐക്ക് വിമര്‍ശനം. സിപിഎം എന്താണെന്ന് സിപിഐക്ക്
മനസിലാക്കി കൊടുക്കണം. ഇരു പാര്‍ട്ടികളും തമ്മില്‍ വലിയ അന്തരമുണ്ട്. ഇത് മനസിലാക്കാതെയാണ്
സിപിഐ പ്രവര്‍ത്തിക്കുന്നതെന്നും പ്രതിനിധി സമ്മേളനത്തില്‍ കോട്ടയത്തു നിന്നുള്ള പ്രതിനിധി വ്യക്തമാക്കി.
താഴെ തട്ടില്‍ നിന്നുള്ള മുന്നണി മര്യാദകള്‍ പോലും പാലിക്കാന്‍ സിപിഐക്ക് കഴിയുന്നില്ലെന്നും കോട്ടയത്തു നിന്നുള്ള പ്രതിനിധി പറഞ്ഞു.
പാവങ്ങള്‍ പാര്‍ട്ടിക്കൊപ്പമില്ലെന്ന് സിപിഎം പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പറയുന്നു. പാവങ്ങളില്‍ മഹാ ഭൂരിപക്ഷവും പാര്‍ട്ടിക്കൊപ്പം ഉണ്ടായിരുന്നതാണ്. എന്നാല്‍ അതില്‍ മാറ്റമുണ്ടായിക്കൊണ്ടിരിക്കുന്നു. ഇ മാറ്റം ഗൗരവമായി പരിശോധിക്കണമെന്നും പാർട്ടി സെക്രട്ടറി അവതരിപ്പിച്ച പ്രവർത്തന റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു.
സ്ഥാനമാനങ്ങൾ കൈക്കലാക്കുകയെന്ന ബൂർഷ്വാ ശൈലി പാർട്ടിയിലേക്ക് കടന്നുവരുന്നു. പാർട്ടി തീരുമാനം അനുകൂലമല്ലെങ്കിൽ പാർട്ടിയെത്തനെ വെല്ലുവിളിക്കുന്നു. പാർട്ടിയുടെ സ്വതന്ത്ര സ്വാധീനശക്തി വർധിക്കുന്നില്ലെന്നും എൽഡിഎഫിൽ സിപിഎം കഴിഞ്ഞാൽ സംസ്ഥാനമാകെ സ്വാധീനം സിപിഐക്കാണെന്നും റിപ്പോർട്ടിൽ പറയുന്നു.
കാലങ്ങള്‍ മുന്നോട്ടുപോകുന്നതനുസരിച്ച പാര്‍ട്ടി അംഗങ്ങളുടെ എണ്ണം വര്‍ധിക്കുന്നുണ്ട്. എന്നാല്‍ ഗുണനിലവാരം അത്രയ്ക്ക് വര്‍ധിക്കുന്നില്ല. സിപിഎം ഒരു ഒരു സ്വതന്ത്ര ശക്തിയായി വളരുന്നില്ല എന്നും പ്രവര്‍ത്തന റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
ബിജെപിയുടെ സ്വാധീനം വന്‍തോതില്‍ വര്‍ദ്ധിച്ചുവരുന്നത് ഭീഷണിയാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.