തൃശൂർ|
jibin|
Last Modified വ്യാഴം, 22 ഫെബ്രുവരി 2018 (12:27 IST)
യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി ശുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജൻ നടത്തിയ പ്രസ്താവനയിൽ മുഖ്യമന്ത്രി
പിണറായി വിജയൻ അതൃപ്തി രേഖപ്പെടുത്തി.
സംസ്ഥാന സമ്മേളനം നടക്കുന്ന വേദിയിൽ പ്രതിനിധികൾ ജയരാജന്‍ എത്തിയപ്പോഴാണ് അദ്ദേഹത്തെ നേരിട്ട് വിളിച്ച് മുഖ്യമന്ത്രി രോഷപ്രകടനം നടത്തിയത്. ഈ സമയം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനും സമീപത്തുണ്ടായിരുന്നു.
കൊലപാതകം സംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. പൊലീസിന്റെ ജോലി അവർ ചെയ്‌തു കൊള്ളും. യഥാർത്ഥ കുറ്റവാളികളെ പൊലീസ് കണ്ടെത്തിക്കോളും. ഇത് സംബന്ധിച്ച് വിവാദ പ്രസ്താവനകൾ പാടില്ല. നടത്തിയ പ്രസ്‌താവനകള്‍ ശരിയായില്ലെന്നും പിണറായി ജയരാജനോട് വ്യക്തമാക്കി. മുൻനിരയിൽ നിന്ന് പിൻനിരയിലേക്ക് മാറിയിരുന്ന് ഇരുവരും സംസാരിക്കുകയും ചെയ്‌തു.
കൊലപാതകത്തിൽ സിപിഎം പ്രവർത്തകർ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പിണറായി വ്യക്തമാക്കി. ജയരാജന്റെ പ്രസ്‌താവനയില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അതൃപ്‌തിയുണ്ട്.
അതേസമയം, ശുഹൈബ് വധത്തില്‍ പാര്‍ട്ടിയില്‍ ഭിന്നത ശക്തമായി. കേസില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സിപിഎം സംസ്ഥാന നേതൃത്വം തീരുമാനമെടുത്തു. സമ്മേളനത്തിന് ശേഷം കേസില്‍ പെട്ടവരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കും.
ശുഹൈബ് വധത്തില്‍ പാര്‍ട്ടി അന്വേഷിക്കുമെന്നും തുടര്‍ന്ന് നടപടിയെടുക്കുമെന്നുമുള്ള സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെ നിലപാടിനെ തള്ളിയാണ് സംസ്ഥാന നേതൃത്വം പുതിയ തീരുമാനത്തിലേക്ക് നീങ്ങുന്നത്.