സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചു

അഭിറാം മനോഹർ| Last Modified വെള്ളി, 8 ഡിസം‌ബര്‍ 2023 (18:04 IST)
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അന്തരിച്ചു. 73 വയസായിരുന്നു.ഹൃദയാഘാതത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യാശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. 1950 നവംബര്‍ 10ന് കോട്ടയം ജില്ലയിലെ കൂട്ടിക്കലില്‍ ജനിച്ച രാജേന്ദ്രന്‍ എഐവൈഎഫിലൂടെയാണ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. 23 വയസില്‍ എ ഐ വൈ എഫ് സംസ്ഥാന സെക്രട്ടറിയായി. ഇരുപത്തിയെട്ടാം വയസില്‍ സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായ കാനം രാജേന്ദ്രന്‍ യുവജനസംഘടനാ രംഗത്ത് ദേശീയതലത്തില്‍ എ ബി ബര്‍ദനൊപ്പം പ്രവര്‍ത്തിച്ചു. 1982ലും 87ലും വാഴൂര്‍ മണ്ഡലത്തില്‍ നിന്നും നിയമസഭയിലെത്തി.

പിന്നീട് രണ്ട് വട്ടം വാഴൂരില്‍ നിന്ന് തന്നെ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ഇതോടെയാണ് സംഘടനാരംഗത്തേക്ക് കാനം ചുവട് മാറിയത്. 2015ല്‍ സിപിഐ സംസ്ഥാന്‍ സെക്രട്ടറിയായ കാനം 2018ല്‍ വീണ്ടും സിപിഐ സംസ്ഥാന സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ടു. അനാരോഗ്യം മൂലം പൊതുരംഗത്ത് സജീവമായിരുന്നില്ലെങ്കിലും 2022 ഒക്ടോബറില്‍ മൂന്നാം വട്ടവും കാനം സിപിഐ സംസ്ഥാന സെക്രട്ടറിയായി. വനജയാണ് ഭാര്യ. സ്മിത,സന്ദീപ് എന്നിവര്‍ മക്കളാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :