കോവിഡാനന്തര ചികിത്സയ്ക്ക് സംവിധാനമൊരുക്കും: മുഖ്യമന്ത്രി

എ കെ ജെ അയ്യര്‍| Last Updated: വെള്ളി, 30 ഒക്‌ടോബര്‍ 2020 (09:57 IST)
തിരുവനന്തപുരം: കോവിഡാനന്തര ചികിത്സയുടെ പ്രാധാന്യം കണക്കിലെടുത്ത് പോസ്റ്റ് കോവിഡ് കെയര്‍ സിസ്റ്റം ആരോഗ്യ വകുപ്പ് രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോവിഡ് രോഗബാധ വന്നു പോയതിനു ശേഷം നല്ല രീതിയിലുള്ള പരിചരണം രോഗികള്‍ക്ക് ആവശ്യമാണ്. അതിനാവശ്യമായ അതിനുള്ള മാര്‍ഗനിര്‍ദേശം ഉടനെ തയാറാക്കും. ടെലിമെഡിസിന്‍ സൗകര്യം ഇനിയും വിപുലപ്പെടുത്തും. സ്വകാര്യ ആശുപത്രികളില്‍ 10 ശതമാനം കിടക്കകള്‍ കോവിഡ് രോഗികള്‍ക്കായി റിസര്‍വ് ചെയ്യണമെന്ന നിര്‍ദ്ദേശത്തിന് അനുസൃതമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് ജില്ലകളില്‍ ഐസിയു
കിടക്കകളുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ട്. എല്ലാ ജില്ലകളിലേയും സ്വകാര്യ ആശുപത്രികളിലെ ഐസിയു ബെഡ്ഡുകള്‍ എംപാനല്‍ ചെയ്യുന്നതിനുള്ള
നടപടിക്രമങ്ങളും പൂര്‍ത്തിയാവുകയാണ്.
ടെസ്റ്റിംഗ് നിരക്കു കൂട്ടുന്നതിന്റെ ഭാഗമായി എല്ലാ ജില്ലകളിലും പൊതുസ്ഥലങ്ങളില്‍ കിയോസ്‌കുകള്‍ കൂടുതലായി സ്ഥാപിക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിനായി 167 സ്ഥലങ്ങള്‍ കണ്ടെത്തുകയും, അവയില്‍ 57 ഇടങ്ങളില്‍ ഇതിനകം കിയോസ്‌കുകള്‍ പ്രവര്‍ത്തനമാരംഭിക്കുകയും ചെയ്തു.

കോവിഡ് രോഗബാധിതരായവരില്‍ മറ്റു അനാരോഗ്യങ്ങള്‍ ഉള്ളവര്‍ കൃത്യമായ ഇടവേളകളില്‍ കോവിഡ് ടെസ്റ്റ് വീണ്ടും ചെയ്യേണ്ടത് അവരുടെ സുരക്ഷയ്ക്ക് അനിവാര്യമാണ്. ഇക്കാര്യത്തില്‍ ബോധവല്‍ക്കരണം സംസ്ഥാനത്ത് നടത്തും. അതിനാവശ്യമായ ക്യാംപെയ്ന്‍ പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ട്. മാസ്‌ക് ധരിക്കുന്നതിന്റെ പ്രാധാന്യം പൊതുജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ക്യാമ്പയിന്‍ ഒന്നുകൂടി ശക്തിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :