കോവിഡ് ബാധിച്ചു വീട്ടില്‍ ബോധരഹിതനായ ബിജെപി പ്രവര്‍ത്തകനെ രക്ഷിക്കാന്‍ ഓടിയെത്തിയത് സിപിഎമ്മുകാര്‍; മാതൃക

നെല്‍വിന്‍ വില്‍സണ്‍| Last Modified തിങ്കള്‍, 10 മെയ് 2021 (14:02 IST)

കോവിഡ് ബാധിച്ച് വീട്ടില്‍ കഴിയവെ ബോധരഹിതനായ ബിജെപി പ്രവര്‍ത്തകനെ രക്ഷിക്കാന്‍ ഓടിയെത്തിയത് മൂന്ന് സിപിഎമ്മുകാര്‍. മറ്റെല്ലാവരും പേടിച്ചു മാറിനിന്നപ്പോള്‍ സിപിഎം പ്രവര്‍ത്തകര്‍ ധൈര്യത്തോടെ മുന്നോട്ടുവരികയായിരുന്നു.

പെരുവെമ്പ് ഇല്ലിയംകാടില്‍ താമസിക്കുന്ന ബി.വിഭൂഷണിനെയാണ് സിപിഎം പ്രവര്‍ത്തകര്‍ തങ്ങളുടെ വാഹനത്തില്‍ പിപിഇ കിറ്റ് ധരിച്ച് ആശുപത്രിയിലെത്തിച്ചത്. വിഭൂഷണും ഭാര്യ അജനയും കോവിഡ് ബാധിതരായി വീട്ടില്‍ ക്വാറന്റൈനിലാണ്. പത്ത് ദിവസം മുന്‍പാണ് ഇരുവര്‍ക്കും കോവിഡ് ബാധിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ഥിയായിരുന്നു അജന. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് വിഭൂഷണ്‍ അബോധാവസ്ഥയിലായത്. വിവരമറിഞ്ഞ പ്രദേശത്തെ ബിജെപി പ്രവര്‍ത്തകര്‍ ആംബുലന്‍സിനായി അന്വേഷണം തുടങ്ങി. പെരുവെമ്പ് പഞ്ചായത്ത് ഓഫീസില്‍ ആംബുലന്‍സിനായി ആവശ്യപ്പെട്ടെങ്കിലും കിട്ടിയില്ല. അരമണിക്കൂര്‍ കാത്തുനിന്നാലേ ആംബുലന്‍സ് എത്തൂ എന്നായിരുന്നു മറുപടി.

ഈ സമയത്താണ് സിപിഎം പ്രവര്‍ത്തകരുടെ ഇടപെടല്‍. കെ.സന്ദീപ്, ആര്‍.തേജസ്, എം.സുരേഷ് എന്നീ മൂന്ന് സിപിഎം പ്രവര്‍ത്തകരാണ് ബിജെപി പ്രവര്‍ത്തകന്റെ ജീവന്‍ രക്ഷിക്കാന്‍ മുന്നിട്ടിറങ്ങിയത്. സുരേഷ് പിപിഇ കിറ്റ് പോലും ധരിക്കാതെയാണ് ആശുപത്രിയിലേക്ക് പോയത്. വിഭൂഷിനെ ആശുപത്രിയില്‍ എത്തിച്ച ശേഷം മൂന്ന് പേരും ക്വാറന്റൈനില്‍ പ്രവേശിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :