രേണുക വേണു|
Last Modified തിങ്കള്‍, 2 ഓഗസ്റ്റ് 2021 (08:01 IST)
കേരളത്തിലെ കോവിഡ് നിയന്ത്രണ രീതി മാറാന്‍ സാധ്യത. നിലവില്‍ ടി.പി.ആര്‍. അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങള്‍. ടി.പി.ആര്‍. അനുസരിച്ച് തദ്ദേശസ്ഥാപനങ്ങളെ വിവിധ കാറ്റഗറികളായി തിരിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന രീതി മാറണമെന്ന് മുഖ്യമന്ത്രി അടക്കമുള്ളവര്‍ അഭിപ്രായപ്പെട്ടതായാണ് സൂചന. ടി.പി.ആര്‍. അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങള്‍ കൊണ്ട് കാര്യമായ ഗുണങ്ങളൊന്നും ഇല്ലെന്നാണ് വിലയിരുത്തല്‍. അതിനാല്‍ രോഗികളുടെ എണ്ണം നോക്കിയായിരിക്കും ഇനി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ചൊവ്വാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ തീരുമാനമുണ്ടാകും. സമ്പൂര്‍ണ അടച്ചിടലിനു ബദല്‍മാര്‍ഗം തേടുകയാണ് സര്‍ക്കാര്‍. എല്ലാക്കാലവും ഇങ്ങനെ അടച്ചിടാനാകില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. വിദഗ്ധ സമിതിയോട് മുഖ്യമന്ത്രി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലെ നിയന്ത്രണങ്ങളില്‍ എന്തെല്ലാം മാറ്റങ്ങള്‍ കൊണ്ടുവരണമെന്ന് വിദഗ്ധ സമിതി നിര്‍ദേശിക്കും.
കേരളത്തില്‍ കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയിട്ടില്ല; പഠനം
കേരളത്തില്‍ കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്താനായിട്ടില്ലെന്ന് സി.എസ്.ഐ.ആര്‍. പഠനസംഘത്തിന്റെ റിപ്പോര്‍ട്ട്. സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നതിനിടെയാണ് പുതിയ പഠന റിപ്പോര്‍ട്ട്. കേരളത്തില്‍ കോവിഡ് വ്യാപനം കൂടാന്‍ കാരണം പുതിയ വകഭേദം ആണെന്ന് ആരോഗ്യവിദഗ്ധര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. ഡെല്‍റ്റ വകഭേദം തന്നെയാണ് കേരളത്തിലും കാണുന്നതെന്ന് സി.എസ്.ഐ.ആര്‍. പഠനത്തില്‍ പറയുന്നു. ഡെല്‍റ്റയ്ക്ക് ശേഷം പുതിയ വകഭേദം സംസ്ഥാനത്ത് കണ്ടെത്തിയിട്ടില്ലെന്നാണ് ഈ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ജൂണിലും ജൂലായ് ആദ്യവാരവും കേരളത്തിലെ 14 ജില്ലകളില്‍നിന്നായി 835 സാംപിളുകള്‍ പരിശോധിച്ചതില്‍ 753-ഉം ഡെല്‍റ്റ (ബി.1.617.2) വകഭേദമാണ്. ബാക്കിയുള്ളവയും നേരത്തേ കണ്ടെത്തിയിട്ടുള്ള വകഭേദങ്ങളാണ്.