കൊച്ചി|
jibin|
Last Updated:
തിങ്കള്‍, 28 ഓഗസ്റ്റ് 2017 (19:34 IST)
മകള്‍ എസ്എഫ്ഐയില്‍ ചേര്‍ന്നുവെന്ന വാര്‍ത്തകള്‍ക്കെതിരെ പ്രതികരണവുമായി വിഡി സതീശന്‍ എംഎല്‍എ രംഗത്ത്. സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത് തെറ്റായ വാര്‍ത്തയാണ്. തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നവരാണ് ഈ വാര്‍ത്തയ്‌ക്ക് പിന്നിലെന്നും അദ്ദേഹം ഫേസ്‌ബുക്കിലൂടെ വ്യക്തമാക്കി.
വിഡി സതീശന്റെ ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂര്‍ണ്ണരൂപം: -
എന്‍റെ മകൾ എസ് എഫ് ഐയിൽ ചേർന്നു എന്ന വ്യാജ പ്രചരണം ഇന്ന് രാവിലെ മുതൽ സോഷ്യൽ മീഡിയയിൽ നടക്കുകയാണ് . ഇത് ശുദ്ധ അസംബന്ധമാണ് . അവൾ കോളേജിലെ കെ.എസ്.യു .പ്രവർത്തകയാണ് . നേതാവല്ല . കോളേജിലെ കെ.എസ് യു . യൂണിറ്റ് ജനസേവ ശിശുഭവനിൽ കുട്ടികൾക്ക് സൗജന്യമായി ട്യൂഷ്യൻ എടുക്കുവാൻ പോയപ്പോൾ അവൾ ആ ടീമിലെ വോളണ്ടിയറായിരുന്നു. സത്യമിതായിരിക്കെ എന്നെ അപകീർത്തിപ്പെടുത്തുവാൻ എന്‍റെ മകളെ വലച്ചിഴക്കുന്നത് ദൗർഭാഗ്യകരമാണ്.
ഞാൻ ബിജെപിയിൽ ചേരുന്നു എന്ന വ്യാജ വാർത്ത പ്രചരിപ്പിച്ചവർ തന്നെയാണ് ഇതിനു പിന്നിലെന്ന് എനിക്കറിയാം അവരൊന്നറിയണം .ഞാനിതെഴുതി കൊണ്ടിരിക്കുമ്പോൾ, മതേതര നിലപാട് ശക്തിയായി ഉയർത്തിപ്പിടിച്ചതിനെതിരെ ഹിന്ദു ഐക്യവേദിക്കാർ എന്‍റെ വീട്ടിലേക്ക് മാർച്ച് നടത്തി കൊണ്ടിരിക്കുകയാണ് . പോസ്റ്റുകൾ വായിച്ചിട്ട് ഒന്നുമാലോചിക്കാതെ അത് പ്രചരിപ്പിച്ചവർ ,അത് ശരിയായിരുന്നോ എന്ന് അവരുടെ സ്വന്തം മനസ്സാക്ഷിയോട് ചോദിക്കട്ടെ!