ഹരിയാന|
jibin|
Last Modified തിങ്കള്‍, 28 ഓഗസ്റ്റ് 2017 (16:58 IST)
മാനഭംഗക്കേസിൽ ദേര സച്ചാ സൗദാ തലവൻ ഗുർമീത് റാം റഹീം സിംഗിന് പത്ത് വര്‍ഷം കഠിനതടവ് ശിക്ഷ വിധിച്ച ഹരിയാനയിലെ റോത്തക് സുനരിയ ജയിലില്‍ ഒരുക്കിയ പ്രത്യേക കോടതി മുറിക്കുള്ളില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍.
സിബിഐ ജഡ്ജി ജഗ്ദീപ് സിംഗും രണ്ട് സഹായികളും മൂന്ന് പ്രതിഭാഗം അഭിഭാഷകരും രണ്ട് പ്രോസിക്യൂഷന്‍ അഭിഭാഷകരും പിന്നെ പ്രതിയായ ഗുര്‍മീതും അടക്കം ഒമ്പത് പേര്‍ മാത്രമായിരുന്നു വിധി പ്രസ്താവിക്കുമ്പോള്‍ താല്‍കാലിക കോടതിയിലുണ്ടായിരുന്നത്.
വിധി പറയാന്‍ പോകുകയാണെന്നും അവസാനമായി എന്തെങ്കിലും പറയാനുണ്ടോ എന്നും ജഡ്ജി ചോദിച്ചതിന് പിന്നാലെ
ഗുര്‍മീത് പൊട്ടിക്കരഞ്ഞു. തനിക്ക് മാപ്പു തരണമെന്ന് കൂപ്പുകൈകളോടെ ആള്‍ദൈവം ആവശ്യപ്പെട്ടുവെങ്കിലും ജഡ്ജി ജഗ്ദീപ് സിംഗ് അവഗണിക്കുകയായിരുന്നു.
പത്ത് വര്‍ഷം കഠിനതടവ് ശിക്ഷ പറഞ്ഞതോടെ ഗുര്‍മീത് നിലവിളിയോടെ തറയിലിരുന്നു. കോടതിമുറിയിൽനിന്നും വീണ്ടും ജയിലിലേക്കു മാറ്റാന്‍ പൊലീസ് ശ്രമിച്ചെങ്കിലും ഇവിടെ നിന്നും പൊകില്ല എന്ന നിലപാടിലായിരുന്നു ഗുര്‍മീത്‍. ഇതിനിടെ
നിങ്ങള്‍ ഇവിടെ വിഐപി അല്ലെന്ന് ജഡ്‌ജി വ്യക്തമാക്കി.
ബഹളം വയ്‌ക്കരുതെന്നും ബലം പ്രയോഗിക്കാന്‍ മടിയില്ലെന്നും സുരക്ഷാ ഉദ്യോഗസ്ഥർ ഗുര്‍മീതിന് മുന്നറിയിപ്പു നൽകി. തുടര്‍ന്ന് തറയിലിരുന്ന ഗുർമീതിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വലിച്ചഴച്ച് ജയിലിലെ പ്രത്യേക സെല്ലിലേക്ക് നീക്കുകയായിരുന്നു.
ജയിലിന് ചുറ്റുമായി അഞ്ച് സംരക്ഷണ വലയങ്ങളാണ് സുരക്ഷാ സേനകള്‍ ഒരുക്കിയിട്ടുള്ളത്.