രേണുക വേണു|
Last Updated:
ശനി, 28 സെപ്‌റ്റംബര്‍ 2024 (14:06 IST)
തൃശൂര്‍ പൂരത്തിനിടയ്ക്ക് ആംബുലന്‍സില്‍ നിയമവിരുദ്ധ യാത്ര ചെയ്തതിനു കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിക്കെതിരെ പരാതി. തൃശൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് സിപിഐ ആണ് പരാതി നല്‍കിയത്. ജോയിന്റ് ആര്‍ടിഒയ്ക്കും സിപിഐ പരാതി നല്‍കിയിട്ടുണ്ട്.
സിപിഐ തൃശൂര്‍ മണ്ഡലം സെക്രട്ടറി കെ.പി.സുമേഷ് ആണ് പരാതിക്കാരന്‍. മോട്ടോര്‍ വെഹിക്കിള്‍ ആക്ട് പ്രകാരം ആംബുലന്‍സ് രോഗികള്‍ക്കു സഞ്ചരിക്കാന്‍ ഉള്ളതാണെന്നും വ്യക്തികളുടെ സ്വകാര്യയാത്രയ്ക്കു ഉപയോഗിക്കാന്‍ പാടില്ലെന്നും സിപിഐ പറയുന്നു.
തൃശൂര്‍ പൂരം അലങ്കോലമായതിനെ തുടര്‍ന്ന് ബിജെപി സ്ഥാനാര്‍ഥിയായിരുന്ന സുരേഷ് ഗോപി നിയമവിരുദ്ധമായി ആംബുലന്‍സില്‍ സഞ്ചരിച്ചുവെന്നാണ് പരാതിയിലെ ആരോപണം. സേവഭാരതിയുടെ ആംബുലന്‍സിലാണ് സുരേഷ് ഗോപി എത്തിയത്. തൃശൂരിലെ വീട്ടില്‍ നിന്ന് തിരുവമ്പാടി ദേവസ്വം ഓഫീസിലേക്കാണ് സുരേഷ് ഗോപി ആംബുലന്‍സില്‍ എത്തിയത്. തൃശൂര്‍ പൂരം അലങ്കോലമാക്കിയതിനു പിന്നില്‍ സുരേഷ് ഗോപി ഉണ്ടെന്ന് സിപിഐ നേതാക്കള്‍ അടക്കം നേരത്തെ ആരോപിച്ചിരുന്നു.