തിരുവനന്തപുരം|
vishnu|
Last Modified വെള്ളി, 27 ഫെബ്രുവരി 2015 (15:34 IST)
നടന്‍ ഷൈന്‍ ടോം ചാക്കോ ഉള്‍പ്പെട്ട കൊക്കെയ്ന്‍ കേസില്‍ വീണ്ടും വഴിത്തിരിവ്. പ്രതികളുടെ രക്ത പരിശോധനയില്‍ കൊക്കെയ്ന്‍ ഉപയോഗിച്ചിട്ടില്ലെന്ന് കാക്കനാട്ടെ ലാബ് റിപ്പോര്‍ട്ടിനെതിരെ പൊലീസ് രംഗത്ത് വന്നതാണ് ഇപ്പോള്‍ ലാബിന്റെ വിശ്വാസ്യതയേ തന്നെ ചോദ്യം ചെയ്യുന്ന തരത്തില്‍ വളര്‍ന്നത്.
പ്രതികളുടെ ജാമ്യാപേക്ഷയില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറയാനിരിക്കേയാണ് പുതിയ വിവാദം.
കാക്കനാട്ടെ ഫോറന്‍സിക് കെമിക്കല്‍ ലാബില്‍ ആണ് രക്തസാമ്പിള്‍ പരിശോധന നടത്തിയത്. ഇതില്‍ എന്തെങ്കിലും അട്ടിമറി നടന്നതായും പോലീസ് സംശയിക്കുന്നുണ്ട്. പ്രതികളുടെ രക്തത്തില്‍ കൊക്കെയ്ന്‍ കണ്ടെത്താനായില്ലെന്ന തിരുവനന്തപുരം ഫൊറന്‍സിക് ലാബിന്റെ റിപ്പോര്‍ട്ടിനെതിരെ പ്രൊസിക്യൂഷന്‍ രംഗത്തുവന്നു. ലാബിലെ പരിശോധകരെ പ്രതികള്‍ സ്വാധീനിച്ചെന്നാണു പ്രൊസിക്യൂഷന്റെ ആരോപണം. ഈ ലാബിലേക്ക് സാംപിളുകള്‍ അയച്ചാല്‍ മാസങ്ങള്‍ കഴിഞ്ഞാലും പരിശോധനാ ഫലം ലഭിക്കാറില്ല.
എന്നാല്‍ ഇത്രയും പെട്ടെന്ന് പ്രതികള്‍ക്ക് അനുകൂലമായ പരിശോധനാഫലം വന്നത് ദുരൂഹമാണെന്നു പ്രൊസിക്യൂഷന്‍ രാവിലെ കോടതിയില്‍ വാദിച്ചു. കാക്കനാട്ടെ ലാബില്‍ കൊക്കെയ്ന്‍ കണ്ടെത്താനുള്ള പരിശോധന ഇല്ലെന്നാണ് പൊലീസ് പറയുന്നത്. അതേസമയം കൂടുതല്‍ പരിശോധന നടത്തിയിട്ടും കാര്യമില്ലെന്നും ഏത് ലാബില്‍ പരിശോധിച്ചാലും ഇതില്‍ കൂടുതല്‍ ഒന്നുംതന്നെ ലഭിക്കില്ലെന്നാണ് കാക്കനാട്ടെ ഫോറന്‍സിക് ലാബ് അധികൃതര്‍ പറയുന്നത്.തങ്ങളുടെ ലാബില്‍ ഇത്തരം കാര്യങ്ങള്‍ കണ്ടെത്താനുള്ള ഏറ്റവും പുതിയ പരിശോധനയായ എസ്ജിഎസ് പരിശോധനയാണുള്ളതെന്നും ലാബധികൃതകര്‍ വ്യക്തമാക്കി.
ഇനി പൊലീസ് നടത്താന്‍ പോകുന്ന എച്ച്പിഎല്‍സി പരിശോധന ഇതിനേക്കാള്‍ താഴ്ന്ന നിലവാരമുള്ളതാണെന്നും ലാബ് അധികൃതര്‍ പറയുന്നു.
എന്നാല്‍ പ്രതികളുടെ ഡിഎന്‍എ പരിശോധനാ ഫലം കൂടി അറിയണമെന്നാണ് പൊലീസ് പറയുന്നത്. കടവന്ത്രയിലെ ഫ്‌ലാറ്റില്‍ നടത്തിയെ റെയ്ഡില്‍ കൊക്കെയ്ന്‍ പുരണ്ട സിഗററ്റ് കുറ്റികള്‍ കണ്ടെത്തിയിരുന്നു. ഇത് നിര്‍ണായകമാകും. സിഗററ്റ് വലിക്കുമ്പോള്‍ അതില്‍ ഉമിനീര്‍ പറ്റാറുണ്ട്. ഡിഎന്‍എ പരിശോധനയിലൂടെ ഈ ഉമിനീര്‍ പ്രതികളുടേതാണെന്ന് കണ്ടെത്താനാകുമെന്നാണ് പോലീസിന്റെ പ്രതീക്ഷ. എന്നാല്‍ ഇതില്‍ നിന്ന് പ്രതികള്‍ കൊക്കെയ്ന്‍ അതുകൊണ്ട് കാര്യമില്ലെന്നാണ് കാക്കനാട്ടെ ലാബ് അധികൃതര്‍ പറയുന്നത്.
അതേസമയം കേസിലെ ഒന്നാം പ്രതിയായ രേഷ്മ രംഗസ്വാമിയുടെ ജീന്‍സിന്റെ പോക്കറ്റില്‍ പൊലീസ് ബലം പ്രയോഗിച്ച് കൊക്കെയ്ന്‍ പാക്കറ്റ് തിരുകുകയായിരുന്നെന്നു രേഷ്മയുടെ അഭിഭാഷകന്‍ വാദിച്ചു.
സാക്ഷികളെല്ലാം പൊലീസ്, എക്സൈസ് ഉദ്യോഗസ്ഥരായതിനാല്‍ പ്രതികള്‍ക്കു ജാമ്യം ലഭിച്ചാല്‍ സാക്ഷികളെ ഭീഷണിപ്പെടുത്തുമെന്നും സ്വാധീനിക്കുമെന്നുമുള്ള വാദത്തിനു പ്രസക്തിയില്ല. ചലച്ചിത്ര നടനായ ഷൈന്‍ ടോം ചാക്കോ, ജാമ്യം ലഭിച്ചാല്‍ നാടുവിടുമെന്നു പ്രൊസിക്യൂഷന്‍ പറയുന്നത് അസംബന്ധമാണെന്നു ഷൈനിന്റെ അഭിഭാഷകന്‍ വാദിച്ചു.