ആശങ്കയൊഴിയുന്നില്ല: സംസ്ഥാനത്ത് ഇന്ന് 57 പേർക്ക് കൊവിഡ്, 18 പേർക്ക് രോഗമുക്തി

അഭിറാം മനോഹർ| Last Modified തിങ്കള്‍, 1 ജൂണ്‍ 2020 (18:13 IST)
സംസ്ഥാനത്ത് ഇന്ന് 57 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 55 പേരും സംസ്ഥാനത്തിന് വെളിയിൽ നിന്നും വന്നവരാണ്. 27 പേർ വിദേശത്ത് നിന്നും വന്നവരാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 14 പേർ വീതം മലപ്പുറം,കാസർകോട് ജില്ലകളിൽ നിന്നാണ്. തൃശൂർ 9,കൊല്ലം 5, പത്തനംതിട്ട 4, തിരുവനന്തപുരം 3,എറണാകുളം 3,ആലപ്പുഴ 2,പാലക്കാട് 2,ഇടുക്കി 1 എന്നിങ്ങനെയാണ് കൊവിഡ് കേസുകൾ.

ഇന്നലെ രാത്രി സംസ്ഥാനത്ത് കൊവിഡ് ചികിത്സയിലുണ്ടായിരുന്ന സുലേഖ മരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് മരണങ്ങൾ പത്തായി. അതേ സമയം ഇന്ന് 18 പേരുടെ പരിശോധനാഫലം നെഗറ്റീവായി.സംസ്ഥാനത്ത് ഇതുവരെ 1326 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 708 പേർ ഇപ്പോൾ ചികിത്സയിലാണ്. 139661 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്.ഇതിൽ 1246 പേർ ആശുപത്രികളിലാണ്.

പാലക്കാട്,കണ്ണൂർ ജില്ലകളിലായി അഞ്ച് പുതിയ ഹോട്ട്‌സ്പോട്ടുകൾ ഇന്ന് പ്രഖ്യാപിച്ചു. ഇതോടെ സംസ്ഥാനത്തെ ഹോട്ട്‌സ്പോട്ടുകളുടെ എണ്ണം 121 ആയി. ഇതുവരെ 210 മലയാളികൾ വിദേശത്ത് മരിച്ചു. മെയ് നാലിന് ശേഷം ഉണ്ടായ കേസുകളിൽ 90 ശതമാനവും പുറത്ത് നിന്ന് വന്നവരാണ്. മെയ് നാലിന് മുൻപ് അത് 67 ശതമാനമായിരുന്നു.കണ്ടെയ്ൻമെന്റ് സോണുകളിൽ കർഫ്യുവിന് സമാനമായ നിയന്ത്രണം ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :