അഭിറാം മനോഹർ|
Last Modified വെള്ളി, 23 ജൂലൈ 2021 (20:11 IST)
കേരളത്തിൽ
ടിപിആർ കൂടിയത് മൂന്നാം തരംഗമായി കണക്കാക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ സംസ്ഥാനം മൂന്നാംതരംഗത്തിന്‍റെ വക്കിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ ജില്ലകളിലും ടിപിആർ നിരക്ക് ഉയരുന്നതിനെ ഗൗരവകരമായി കാണേണ്ടതാണെന്നും മറ്റേതെങ്കിലും വകഭേദം കേരളത്തിൽ പകർന്നിട്ടുണ്ടോ എന്നത് പരിശോധിച്ച് തിട്ടപ്പെടുത്തേണ്ടതാണെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഇവിടെ ഡെൽറ്റ വൈറസുണ്ട്. മറ്റേതെങ്കിലും വകഭേദം വന്നോയെന്ന് പരിശോധിച്ച് തിട്ടപ്പെടുത്തണം. അതീവ ഗൗരവമായി ഇതിനെ കാണണം. നല്ല രീതിയിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിക്കേണ്ടതുണ്ട്. സംസ്ഥാനത്ത് രോഗവ്യാപനം ചിലയിടത്ത് ചില ക്ലസ്റ്ററാണ്. അവിടെ പ്രത്യേകമായി മൈക്രോ കണ്ടെയ്ൻമെന്റ് സംവിധാനം നടപ്പിലാക്കാനാണ് ശ്രമം.
ആശങ്കപ്പെടേണ്ട കാര്യമില്ല. എല്ലാ ഘട്ടത്തിലും നമുക്ക് രോഗം ബാധിച്ച് രോഗികളാകുന്നവരുടെ എണ്ണം നമ്മുടെ ചികിത്സാ സൗകര്യത്തിന്റെ പരിധി കവിഞ്ഞ് പോയിട്ടില്ല. അതാണ് കേരളത്തിന്റെ കരുത്ത്. ഒരാൾക്ക് രോഗം വന്നാൽ വീട്ടിൽ തുടരരുത്. തത്കാലം അവിടുന്ന് മാറണം. സർക്കാർ ഏർപ്പെടുത്തിയ സൗകര്യങ്ങൾ ഉപയോഗിക്കണം. മറ്റ് രോഗമുള്ളവർ ആശുപത്രികളിൽ നേരിട്ട് പോകണം. ഇക്കാര്യങ്ങൾ എല്ലാവരും തന്നെ ശ്രദ്ധിക്കണം. മുഖ്യമന്ത്രി പറഞ്ഞു.