സിവില്‍ സര്‍വ്വീസ് പ്രാഥമിക പരീക്ഷ മെയ് 24ന്; കേരളത്തില്‍ 21,000 ഉദ്യോഗാര്‍ത്ഥികള്‍
യൂണിയന്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ രാജ്യമെമ്പാടുമായി നടത്തുന്ന സിവില്‍ സര്‍വ്വീസ് ഒന്നാംഘട്ട പരീക്ഷ 2026 മെയ് 24-ന് നടക്കും. കേരളത്തില്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ മൂന്ന് നഗരങ്ങളിലായി ക്രമീകരിച്ചിട്ടുള്ള വിവിധ കേന്ദ്രങ്ങളിലായി ഏകദേശം 21,000 ഉദ്യോഗാര്‍ത്ഥികള്‍ പരീക്ഷ എഴുതുമെന്നാണ് പ്രതീക്ഷിക്കുന്നത്.
രാവിലെ 9.30 മുതല്‍ 11.30 വരെയും, ഉച്ചയ്ക്ക് ശേഷം 2.30 മുതല്‍ 4.30 വരെയുമായി രണ്ട് സെഷനുകളായാണ് പരീക്ഷ ക്രമീകരിച്ചിരിക്കുന്നത്. പരീക്ഷാ നടത്തിപ്പിനായി യു.പി.എസ്.സിയും കേരള സര്‍ക്കാരും ചേര്‍ന്ന് വിപുലമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. പോലീസ് സുരക്ഷ, പൊതുഗതാഗത സൗകര്യങ്ങള്‍, തടസ്സമില്ലാത്ത കുടിവെള്ള-വൈദ്യുതി വിതരണം എന്നിവ വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി ഉറപ്പാക്കിയിട്ടുണ്ട്.
പരീക്ഷാ സമയത്തിന് ഒരു മണിക്കൂര്‍ മുന്‍പായി പരീക്ഷ കേന്ദ്രത്തിലെത്തിച്ചേരേണ്ടതാണ്. രാവിലെയുള്ള സെഷന്‍ എഴുതുവാന്‍ 8.30 നും ഉച്ചയ്ക്ക് ശേഷമുള്ള പരീക്ഷയ്ക്കായി 1.30 നും മുമ്പായി നിശ്ചിത പരീക്ഷാ കേന്ദ്രത്തില്‍ പ്രവേശിക്കണം. പരീക്ഷ ആരംഭിക്കുന്നതിന് അരമണിക്കൂര്‍ മുന്‍പ് (രാവിലെ 9.00 മണിയ്ക്കും ഉച്ചയ്ക്ക് ശേഷം 2.00 മണിയ്ക്കും) പരീക്ഷാകേന്ദ്രത്തിലേയ്ക്കുള്ള പ്രവേശനം അവസാനിപ്പിക്കുന്നതാണ്. അതിനുശേഷം ഹാജരാകുന്ന ആരെയും പരീക്ഷയെഴുതാന്‍ അനുവദിക്കുന്നതല്ല. അതിനാല്‍ അനുവദിച്ചിട്ടുള്ള പരീക്ഷാകേന്ദ്രത്തിന്റെ ലൊക്കേഷന്‍ നേരത്തെ അറിഞ്ഞുവെയ്‌ക്കേണ്ടതാണ്. ഹാള്‍ടിക്കറ്റില്‍ രേഖപ്പെടുത്തിയിട്ടുള്ള പരീക്ഷാകേന്ദ്രത്തില്‍ മാത്രമെ പരീക്ഷ എഴുതുവാന്‍ അനുവദിക്കുകയുള്ളു.
