പൂജാരി ശ്രീകോവിലില്‍ മരിച്ച നിലയില്‍

ചിറയിന്‍കീഴ്| Sajith| Last Modified വ്യാഴം, 21 ജനുവരി 2016 (11:25 IST)
ക്ഷേത്ര ശ്രീകോവിലില്‍ പൂജ ചെയ്യാന്‍ കയറിയ പൂജാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഇരിഞ്ചയം പൂവത്തൂര്‍ ശ്രീഭദ്രകാളി ക്ഷേത്രത്തില്‍ ചൊവ്വാഴ്ച വൈകിട്ട് ഏഴരയോടെയായിരുന്നു സംഭവം നടന്നത്. ചിറയിന്‍കീഴ് അഴൂര്‍ പെരുങ്കുഴി വയല്‍തിട്ട വീട്ടില്‍ സാജന്‍ ശാന്തി(29) എന്ന പൂജാരിയാണു പൂജ ചെയ്യുന്നതിനിടയില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്.

സാധാരണ ഗതിയില്‍ ക്ഷേത്രനട ചൊവ്വ, വെള്ളി ദിവസങ്ങളിലും എല്ലാ മലയാള മാസം ഒന്നാം തീയതിയും ആയില്യം നാളിലും മാത്രമാണു തുറക്കുന്നത്. ചൊവ്വാഴ്ച അത്താഴ പൂജയ്ക്കായി ശ്രീകോവിലിന്‍റെ കതകടച്ച് പൂജയ്ക്കുള്ള ഒരുക്കങ്ങള്‍ തുടര്‍ന്നു. എന്നാല്‍ ഏറെ താമസിച്ചിട്ടും ശ്രീകോവില്‍ തുറന്നില്ല.

ഇത് ശ്രദ്ധയില്‍ പെട്ട ക്ഷേത്ര സെക്രട്ടറി പുറത്തു നിന്ന് മണിയടിച്ചും ശാന്തിയെ വിളിച്ചിട്ടും ഫലമുണ്ടാകാത്തതിനാല്‍ ക്ഷേത്ര തന്ത്രിയുടെ അനുമതിയോടെ വാതില്‍ തുറന്നപ്പോള്‍ ശാന്തിക്കാരന്‍ വിയര്‍ത്തു കുളിച്ച് തറയില്‍ കിടക്കുന്നതാണു കണ്ടത്.

തുടര്‍ന്ന് ആംബുലന്‍സില്‍ നെടുമങ്ങാട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഹൃദയാഘാതം കാരണം സാജന്‍ മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. 2004 മുതല്‍ ഇദ്ദേഹമായിരുന്നു ഈ ക്ഷേത്രത്തില്‍ പൂജ ചെയ്തിരുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :