അഭിറാം മനോഹർ|
Last Modified തിങ്കള്‍, 8 ഏപ്രില്‍ 2024 (16:20 IST)
ചൂട് കൂടിയിട്ടും ചിക്കന്‍ വില സര്‍വകാല റെക്കോര്‍ഡില്‍. നിലമ്പൂരില്‍ കോഴിയിറച്ചിക്ക് കിലോയ്ക്ക് 265 രൂപ വരെയായി. റംസാന് തൊട്ടുമുന്‍പില്‍ 120 രൂപ വരെയുണ്ടായിരുന്ന കോഴിയിറച്ചിക്കാണ് ഒരു മാസം കൊണ്ട് ഇരട്ടിയും കടന്ന് വില കുതിക്കുന്നത്. ചെറിയ പെരുന്നാള്‍ അടുക്കുന്നതോടെ ഇത് ഇനിയും ഉയരാന്‍ സാധ്യതയുള്ളതായി കച്ചവടക്കാര്‍ പറയുന്നു. ഇതോടെ വിഷു കഴിയുന്നതോടെയാകും കോഴിവിലയില്‍ കുറവുണ്ടാവുക.
തദ്ദേശീയ ഫാമുകളിലും മറുനാടന്‍ ഫാമുകളിലും ഉത്പാദനം കുറഞ്ഞതാണ് വിലക്കയറ്റത്തിന് കാരണമായതായി കച്ചവടക്കാര്‍ പറയുന്നത്. ജലക്ഷാമം മൂലം ചില ഫാമുകളുടെ പ്രവര്‍ത്തനം നിലച്ചതും കോഴിയുടെ ലഭ്യതക്കുറവിന് കാരണമായിട്ടുണ്ട്. റംസാന്‍,ഈസ്റ്റര്‍,ചെറിയ പെരുന്നാള്‍ തുടങ്ങി ചിക്കന് ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ള അവസരങ്ങള്‍ ഒരുമിച്ച് വരികയും ചെയ്തതോടെ ഉപയോഗവും കുത്തനെ ഉയര്‍ന്നിട്ടുണ്ട്. തമിഴ്‌നാട്ടിലെ നാമക്കലില്‍ നിന്നുമാണ് പ്രധാനമായും ഇറച്ചിക്കോഴികള്‍ സംസ്ഥാനത്തെത്തുന്നത്. തമിഴ്‌നാട്ടിലും 280 രൂപ വരെയാണ് ഇപ്പോള്‍ കോഴിയുടെ വില.