Chicken Pox: ചൂട് കൂടുന്നതോടെ ചിക്കൻ പോക്സ് ആശങ്ക, ചിക്കൻ പോക്സ് വന്നാൽ കുളിക്കാമോ?

അഭിറാം മനോഹർ| Last Modified ഞായര്‍, 3 മാര്‍ച്ച് 2024 (18:04 IST)
കടുത്ത ചൂടിനൊപ്പം സംസ്ഥാനത്ത് ചിക്കന്‍ പോക്‌സും വ്യാപകമാകുന്നു. മലപ്പുറം,കോട്ടയം,തിരുവനന്തപുരം ജില്ലകളിലാണ് ചിക്കന്‍പോക്‌സ് കേസുകള്‍ കൂടുതലും റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്‌കൂളുകളില്‍ ക്ലാസുകള്‍ കഴിഞ്ഞതിനാല്‍ തന്നെ അതുവഴി രോഗം പടരാനിടയില്ലെന്ന വിലയിരുത്തലിലാണ് ആരോഗ്യവകുപ്പ്.ചൂടുകാലത്താണ് ചിക്കന്‍ പോക്‌സ് സാധാരണയായി പടരാറുള്ളത്. വേരിസെല്ല സോസ്റ്റര്‍ എന്ന വൈറസാണ് രോഗം പരത്തുന്നത്. ഗര്‍ഭിണികള്‍,പ്രമേഹരോഗികള്‍,നവജാത ശിശുക്കള്‍ എന്നിവര്‍ക്ക് രോഗം ബാധിച്ചാല്‍ അവസ്ഥ സങ്കീര്‍ണ്ണമാകാറുണ്ട്. രോഗിയുമായുള്ള നേരിട്ട സമ്പര്‍ക്കം രോഗം പടരാന്‍ കാരണമാകാറുണ്ട്.

ലക്ഷണങ്ങള്‍

കുമിളകള്‍ ശരീരത്തില്‍ പ്രത്യക്ഷപ്പെടുന്നതാണ് ചിക്കന്‍ പോക്‌സിന്റെ ലക്ഷണം. എന്നാല്‍ കുമിളകള്‍ പൊന്തുന്നതിന് മുന്‍പുള്ള ഘട്ടത്തില്‍ രോഗം പലപ്പോഴും ശ്രദ്ധിക്കപ്പെടാറില്ല. ശരീരവേദന,ക്ഷീണം,നടുവേദന തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകാറുണ്ട്. ചിലരില്‍ ചെറിയ പനിയും ഉണ്ടാകും. രോഗിയുമായുള്ള നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗം പ്രധാനമായും പടരുക. ചുമയ്ക്കുമ്പോള്‍ പുറത്തുവരുന്ന കണങ്ങളിലൂടെയും രോഗം പകരാം. ചിക്കന്‍ പോക്‌സ് വന്നാല്‍ രോഗം മാറിയതിന് ശേഷമെ കുളിക്കാന്‍ പാടുള്ളുവെന്ന തെറ്റിദ്ധാരണ പലരിലുമുണ്ട്. എന്നാല്‍ ശുദ്ധജലം ഉപയോഗിച്ച് കുളിക്കുന്നതാണ് രോഗം ഭേദമാകാന്‍ ഏറ്റവും നല്ലത്. കുളിക്കാതിരിക്കുന്നത് അണുബാധ രൂക്ഷമാക്കും.

സര്‍ക്കാര്‍ ആശുപത്രികളില്‍ ചിക്കന്‍ പോക്‌സിന് സൗജന്യ ചികിത്സ ലഭ്യമാണ്. പരമാവധി രണ്ടാഴ്ച കൊണ്ട് രോഗം തനിയെ ഭേദമാകാറുണ്ടെങ്കിലും ഡോക്ടറെ കാണിച്ച് മരുന്ന് വാങ്ങി കഴിക്കണം. മരുന്ന് കഴിക്കുന്നത് വൈറസിന്റെ തീവ്രത കുറയ്ക്കുന്നത് വഴി ദേഹത്തുണ്ടാവുന്ന കുരുക്കളുടെ എണ്ണം കുറയ്ക്കാന്‍ സാധിക്കും.പ്രായാധിക്യം,പ്രമേഹം എന്നിവയാല്‍ ബുദ്ധിമുട്ടുന്നവര്‍ വാക്‌സിന്‍ എടുക്കുന്നതും നല്ലതാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :