തിരുവനന്തപുരം|
jibin|
Last Modified വ്യാഴം, 31 ഡിസംബര്‍ 2015 (10:51 IST)
സംസ്ഥാനത്തെ ക്ലബുകളുടെ ബാർ ലൈസന്‍സും റദ്ദാക്കണമെന്ന് ഇടത് സഹയാത്രികന്‍ ചെറിയാന്‍ ഫിലിപ്പ്. ഫൈവ് സ്റ്റാർ ഒഴികെയുള്ള എല്ലാ ഹോട്ടലുകളിലെയും എണ്ണൂറിലധികം ബാറുകൾ പൂട്ടിയ സാഹചര്യത്തിൽ സമ്പന്ന വരേണ്യ വർഗത്തിന് മാത്രം അംഗത്വമുള്ള മുപ്പത്തിമൂന്നു ക്ലബുകളിൽ ബാർ തുടരുന്നത് വിവേചനപരമാണെന്നും അദ്ദേഹം ഫേസ്‌ബുക്ക് പേജില്‍ വ്യക്തമാക്കി.
ചെറിയാന്‍ ഫിലിപ്പിന്റെ ഫേസ്‌ബുക്ക് പേജിന്റെ പുര്‍ണ്ണരൂപം:-
മദ്യലഭ്യത കുറയ്ക്കുകയെന്ന സർക്കാർ നയം ആത്മാർത്ഥമാണെങ്കിൽ കേരളത്തിലെ നിരവധി സ്വകാര്യ ക്ലബുകൾക്ക് സർക്കാർ അനുവദിച്ചിട്ടുള്ള ബാർ ലൈസൻസ് റദ്ദാക്കണം. ഫൈവ് സ്റ്റാർ ഒഴികെയുള്ള എല്ലാ ഹോട്ടലുകളിലെയും എണ്ണൂറിലധികം ബാറുകൾ പൂട്ടിയ സാഹചര്യത്തിൽ സമ്പന്ന വരേണ്യ വർഗത്തിന് മാത്രം അംഗത്വമുള്ള മുപ്പത്തിമൂന്നു ക്ലബുകളിൽ ബാർ തുടരുന്നത് വിവേചനപരമാണ്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും കെ പി സി സി പ്രസിഡണ്ട് വി എം സുധീരനും നിലപാട് വ്യക്തമാക്കണം.
അഴിമതിക്ക് വിധേയമായി അവിഹിത കാര്യസാദ്ധ്യത്തിനു തയ്യാറാകുന്ന രാഷ്ട്രീയ- ഉദ്യോഗസ്ഥ കൂട്ടുകെട്ടിന്റെ മദ്ധ്യസ്ഥരായി പ്രവർത്തിക്കുന്ന അധികാര ദല്ലാളന്മാരുടെ ആസ്ഥാനമാണ് ചില ക്ലബുകൾ. ബാറുകൾ പൂട്ടിയശേഷം ക്ലബുകളിലെ മദ്യവില്പന വൻതോതിൽ വർദ്ധിച്ചിട്ടുണ്ടെങ്കിലും ക്ലബുകളിലെ ലൈസൻസ് ഫീസ് 15 ലക്ഷം രൂപ മാത്രമാണ്. ഈ ക്ലബുകളിലെ അംഗത്വഫീസ് ഇപ്പോൾ 5 മുതൽ 10 ലക്ഷം രൂപ വരെയായി വർദ്ധിപ്പിച്ചിരിക്കുകയാണ്. ക്ലബുകളിൽ അംഗങ്ങൾക്കും അതിഥികൾക്കും സുലഭമായി മദ്യം ലഭിക്കുംപോൾ സാമാന്യജനങ്ങൾക്ക് ബിവറേജസ് ഷോപ്പുകൾക്ക് മുമ്പിൽ മണിക്കൂറുകളോളം വെയിലത്തും മഴയത്തും ക്യു നില്ക്കേണ്ടി വരുന്നത് കടുത്ത അനീതിയാണ്.
കേരളത്തിന് പുറത്തു നിന്നുള്ള വിദേശ,സ്വദേശ വിനോദ സഞ്ചാരികൾക്കും ക്യു മാത്രമാണ് അഭയം. കേരളത്തിൽ ഫൈവ് സ്റ്റാർ ടൂറിസം മാത്രം മതിയെന്നാണ് സർക്കാർ നിലപാട്. പണക്കാരെയും പാവപ്പെട്ടവരെയു വേർതിരിക്കുന്ന ഇരട്ടതാപ്പാണിത്.