ഞാന്‍ പള്ളിയില്‍ തറയില്‍ ഇരുന്നതാണോ പ്രശ്‌നം; വിവാദ ഫോട്ടോഷൂട്ടിനോട് പ്രതികരിച്ച് ചാണ്ടി ഉമ്മന്‍

രേണുക വേണു| Last Modified വ്യാഴം, 10 ഓഗസ്റ്റ് 2023 (09:12 IST)

പുതുപ്പള്ളി പള്ളിയില്‍ ഉമ്മന്‍ചാണ്ടി ഇരിക്കുന്നതു പോലെ ഇരുന്നത് ഫോട്ടോഷൂട്ടിന് വേണ്ടിയല്ലെന്ന് ചാണ്ടി ഉമ്മന്‍. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെ ചാണ്ടി ഉമ്മനെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്നു. തൊട്ടടുത്ത ദിവസം രാവിലെ പള്ളിയില്‍ എത്തിയപ്പോഴാണ് ഉമ്മന്‍ചാണ്ടി ഇരിക്കുന്നതു പോലെയുള്ള ചാണ്ടി ഉമ്മന്റെ ചിത്രം മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും വൈറലായത്. ഉമ്മന്‍ചാണ്ടിയുടെ പേരിലുള്ള സഹതാപ തരംഗത്തിന് വേണ്ടിയാണ് ചാണ്ടി ഉമ്മന്‍ ഇങ്ങനെ ചെയ്യുന്നതെന്ന് പരക്കെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

' അപ്പയുടെ 40 കഴിഞ്ഞിട്ടില്ല. അതുവരെ എല്ലാ ദിവസവും പള്ളിയില്‍ കുര്‍ബാനയുണ്ട്. ഇടദിവസങ്ങളിലും ഉണ്ട്. ഞങ്ങള്‍ കുടുംബമായി എല്ലാ ദിവസവും പള്ളിയില്‍ പോകുന്നുണ്ട്. ചടങ്ങുകള്‍ക്കിടെയാണ് തറയില്‍ ഇരുന്നത്. എന്റെ പിന്നിലുള്ളവരും തറയില്‍ തന്നെയാണ് ഇരിക്കുന്നത്. ഞാന്‍ തറയില്‍ ഇരുന്നതാണോ ഇപ്പോള്‍ പ്രശ്‌നം? ഞാന്‍ പള്ളിയില്‍ എത്തിയപ്പോള്‍ മാധ്യമങ്ങളും അങ്ങോട്ട് വന്നതാണ്. അവര്‍ വരണമെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. മാധ്യമങ്ങള്‍ വരാതിരുന്നാല്‍ ഈ പ്രശ്‌നങ്ങളൊന്നും ഇല്ല,' ചാണ്ടി ഉമ്മന്‍ പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :