ചാലക്കുടി|
Sajith|
Last Modified ചൊവ്വ, 22 മാര്‍ച്ച് 2016 (11:11 IST)
കലാഭവൻ മണിയുടെ മരണം സംബന്ധിച്ച് ഇതുവരേയും വ്യക്തത വരുത്താന്‍ കഴിയാതെ പൊലീസ് അന്വേഷണം. മണിയുടെ സഹായികളെ ചോദ്യം ചെയ്തെങ്കിലും അവരുടെ മൊഴികളിൽ ഇതുവരേയും വൈരുധ്യം കണ്ടെത്താനായിട്ടില്ല. കൊലപാതകം, ആത്മഹത്യ എന്നിവ സംബന്ധിച്ചും ഒരു സൂചനയും ലഭിച്ചിട്ടില്ല. അതുകൊണ്ടുതന്നെ സ്വാഭാവിക മരണത്തിനുള്ള സാധ്യതകളും പൊലീസ് പരിശോധിക്കുന്നുണ്ട്.
അതേസമയം, കലാഭവന്‍ മണിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് ഭാര്യാപിതാവ് സുധാകരനെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തു. സുധാകരന്റെ ബാങ്ക് അക്കൗണ്ടുകളും പൊലീസ് പരിശോധിച്ചു. ഇയാള്‍ ബിനാമിയായി ഭൂമി വാങ്ങിയിട്ടുണ്ടോ എന്നറിയാനും പൊലീസ് ശ്രമിക്കുന്നുണ്ട്. കോടിക്കണക്കിന് രൂപയുടെ സ്വത്തുവകകളാണ് മണിയുടെ പേരിലുള്ളത്. ഏക്കര്‍ കണക്കിന് പുരയിടവും പത്ത് വീടുകളും മണിയുടെ പേരിലുണ്ട്. ഇതിന്റെയെല്ലാം വരുമാനം ഭാര്യാ പിതാവ് സുധാകരനാണ് കൈകാര്യം ചെയ്യുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പൊലീസ് ചോദ്യം ചെയ്തത്. സുധാകരന്‍ റിയല്‍ എസ്‌റ്റേറ്റ് ബിസിനസും നടത്തി വരികയാണ്.
അതിനിടെ,മണിയുടെ മരണവുമായി ബന്ധപ്പെട്ട് അടിമാലി പടിക്കപ്പു സ്വദേശിയായ കൂലിപ്പണിക്കാരനെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകുന്നേരത്തോടെ പൊലീസ് ഇയാളെ ചാലക്കുടിയിലേക്കു കൊണ്ടുപോയി. മണിയുടെ സഹായികളുമായി ഇയാൾക്ക് വളരെ അടുത്ത ബന്ധമാണുള്ളത്. മണി മരിച്ചദിവസവും തൊട്ടുമുൻപുള്ള ദിവസങ്ങളിലും ഇയാൾ മണിയുടെ സങ്കേതമായ പാടിയിൽ ഉണ്ടായിരുന്നതായി പൊലീസ് സംശയിക്കുന്നുണ്ട്.
കൂടാതെ മണിയുടെ മരണദിവസം അദ്ദേഹത്തിന്റെ ഔട്ട്ഹൗസ് ആയ പാടിയിൽനിന്നു സഹായികൾ രണ്ടു ചാക്കുകളിലായി കൊണ്ടുപോയതു തേങ്ങയും പച്ചക്കറിയുമാണെന്നു കണ്ടെത്തി. അന്വേഷണം കൂടുതൽ ഊർജിതമാക്കുന്നതിന്റെ ഭാഗമായി സംഘത്തെ ആറു സ്ക്വാഡുകളായി ഐ ജി എം കെ അജിത് കുമാർ തിരിച്ചിട്ടുണ്ട്. ഇതുവരെ ഇരുന്നൂറിലേറെപ്പേരെ ചോദ്യം ചെയ്തു കഴിഞ്ഞുയെന്നും പൊലീസ് വ്യക്തമാക്കി.