നോയിഡ|
jibin|
Last Updated:
തിങ്കള്‍, 21 മാര്‍ച്ച് 2016 (19:15 IST)
പശു മാംസം വീട്ടില്‍ സൂക്ഷിച്ചുവെന്ന് ആരോപിച്ച് ഉത്തര്‍പ്രദേശിലെ ബിസാര ഗ്രാമത്തിലെ ദാദ്രിയില്‍ താമസിക്കുന്ന അഖ്ലാഖിനെ വീട്ടില്‍ കയറി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ ബിജെപി നേതാവ് സോനു സിസോദിയക്ക് പൊലീസിന്റെ ക്ലീന്‍ ചിറ്റ്. ഇതോടെ ദാദ്രി കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 18 ആയി കുറഞ്ഞിട്ടുണ്ട്.
അഖ്ലാഖിനെ വീട്ടില്‍ കയറി മര്‍ദ്ദിച്ചവരുടെ കൂട്ടത്തില്‍ സോനു സിസോദിയ ഉണ്ടായിരുന്നുവെന്നായിരുന്നു അഖ്ലാഖിന്റെ മകളായ ഷിയസ്തയുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് ബിജെപി നേതാവിനെ അറസ്റ്റ് ചെയ്തത്. എന്നാല്‍, പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാളെ കുറ്റവിമുക്‍തനാക്കുകയായിരുന്നു. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചും സിസിടിവി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയെന്നും ഈ സമയം സോനു ഗ്രേറ്റ് ഇന്ത്യ പ്ളെയ്സ് മാളിലായിരുന്നുവെന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്.
സംഭവത്തില്‍ പൊലീസ് ക്ലീന്‍ ചിറ്റ് നല്‍കിയതോടെ സോനുവിനെ മോചിപ്പിക്കാനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞുവെന്ന് പൊലീസ് മേധാവി അനുരാഗ് സിംഗ് വ്യക്തമാക്കി. അതേസമയം, പൊലീസിന്റെ നീക്കത്തിനെതിരെ അഖ്ലാഖിന്റെ കുടുംബ വക്കീലായ യൂസുഫ് സെയ്ഫി രംഗത്തത്തെി. പൊലീസിന്റെ വാദം നിഷേധിക്കുന്നുവെന്നും സോനുവിന്റെ പങ്കിനെ കുറിച്ച് പുനരന്വേഷണം നടത്തണമെന്നാണ് ഇദ്ദേഹം പറഞ്ഞിരിക്കുന്നത്.