തിരുവനന്തപുരം|
Last Modified വ്യാഴം, 31 ജനുവരി 2019 (10:32 IST)
സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ റെയ്ഡ് നടത്തിയ വനിതാ സെല്‍ എസ്‌പി ചൈത്ര തെരേസാ ജോണ്‍ എസ്എഫ്ഐയുടെ പഴയ തീപ്പൊരി പ്രവര്‍ത്തക. ഉസ്‌മാനിയ സര്‍വകലാശാലയില്‍ ബിരുദ വിദ്യാര്‍ഥിയായിരിക്കേ പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകയായിരുന്നു ചൈത്ര.
ചൈത്രയുടെ എസ്എഫ്ഐ ബന്ധം വൈകിയാണ് സിപിഎം നേതൃത്വം തിരിച്ചറിഞ്ഞത്. ഈ സാഹചര്യത്തില്‍ യുവ ഐപിഎസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ നടപടി മയപ്പെടുത്തണമെന്നും വകുപ്പുതലവിശദീകരണം തേടി നടപടി അവസാനിപ്പിക്കണമെന്നുമുള്ള ആവശ്യം പാര്‍ട്ടിയില്‍ ഉയര്‍ന്നു കഴിഞ്ഞതായും മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു.
സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയാണ് ചൈത്രയ്‌ക്കെതിരെ നടപടി വേണമെന്ന വാശിയുമായി മുന്നോട്ട് പോകുന്നത്. അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്യണമെന്നാണു ജില്ലാ ഘടകത്തിന്റെ ആവശ്യം.
അതിനിടെ ചൈത്ര തെരേസാ ജോണിനെതിരെ നടപടി സ്വീകരിക്കുന്ന കാര്യത്തില്‍ ആഭ്യന്തരവകുപ്പ് നിയമോപദേശം തേടി.
ചൈത്രയുടെ നടപടിയിൽ നിയമപരമായി തെറ്റില്ലെന്ന് വ്യക്തമാക്കിയുള്ള റിപ്പോര്‍ട്ട് എഡിജിപി മനോജ് എബ്രഹാം ഡിജിപി ലോക്‍നാഥ് ബെഹ്‌റയ്‌ക്ക് കൈമാറിയിരുന്നു. ഈ റിപ്പോര്‍ട്ട് ഡിജിപി മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിയും സംഭവത്തെക്കുറിച്ച് അന്വേഷിക്കും.
അതേസമയം, ജില്ലാ പൊലീസ് മേധാവി - എസ്‌പിഎസ് തലത്തില്‍ വലിയ അഴിച്ചുപണിക്കു സര്‍ക്കാര്‍ തയാറെടുക്കുകയാണ്. പത്തു ഇക്കൂട്ടത്തില്‍ ചൈത്രയ്‌ക്ക് താക്കീത് നല്‍കി ഏതെങ്കിലും അപ്രധാന സ്‌ഥാനത്തേക്കു നീക്കാനിടയുണ്ട്.