Last Modified ബുധന്‍, 30 ജനുവരി 2019 (17:19 IST)
സിപിഎം നേതാവും മുൻ എം എൽ എയുമായിരുന്ന സൈമൺ ബ്രിട്ടോയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ഭാര്യ സീന ഭാസ്കർ. മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും ഭാര്യ പറയുന്നു. സൈമൺ ബ്രിട്ടോയെ ആശുപത്രിയിലെത്തിക്കാൻ വൈകിയതിനെ തുടർന്നാണ് മരണമെന്ന് ഡോക്ടറും വ്യക്തമാക്കി.
ബ്രിട്ടോയ്ക്ക് ഹൃദയസംബന്ധമായ അസുഖങ്ങളുണ്ടായിരുന്നില്ല. മെഡിക്കൽ സർട്ടിഫിക്കറ്റിലെ വിവരങ്ങളും തെറ്റായിരുന്നു. ബ്രിട്ടോയ്ക്ക് അവസാനനിമിഷങ്ങളിൽ കൃത്യമായ പരിചരണം കിട്ടിയില്ലെന്നും സീന ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
തൃശ്ശൂരിൽ ഒരു പരിപാടിയിൽ പങ്കെടുക്കാനെത്തിയ ബ്രിട്ടോയെ ഹൃദയാഘാതത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിയപ്പോഴേക്കും മരണപ്പെടുകയായിരുന്നു. സ്വന്തം ആരോഗ്യത്തെക്കുറിച്ച് കൃത്യമായ ധാരണയുള്ളയാളാണ് ബ്രിട്ടോയെന്നും ചിട്ടകളോടെയാണ് ജീവിച്ചിരുന്നതെന്നും സീന വ്യക്തമാക്കി.
കൂടെയുണ്ടായിരുന്നവർ പല തരത്തിലാണ് ബ്രിട്ടോയുടെ മരണത്തെക്കുറിച്ച് വിശദീകരണം നൽകുന്നത്. എന്താണ് ബ്രിട്ടോയ്ക്ക് സംഭവിച്ചതെന്ന് തനിക്ക് അറിയാൻ അവകാശമുണ്ടെന്നും വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്നും സീന പറയുന്നു.