സിഇടി ജീപ്പ് അപകടം; പരുക്കേറ്റ പെണ്‍കുട്ടി മരിച്ചു, നരഹത്യയ്ക്ക് കേസെടുത്തു

  തെസ്നി ബഷീര്‍ , സി ഇ ടി കോളേജ് , പൊലീസ് , മരണം , ജീപ്പിടിച്ച് മരണം
തിരുവനന്തപുരം| jibin| Last Modified വെള്ളി, 21 ഓഗസ്റ്റ് 2015 (08:10 IST)
ശ്രീകാര്യം എൻജിനിയറിംഗ് കോളേജിൽ ഓണാഘോഷത്തിനിടെ വിദ്യാർഥികൾ ഓടിച്ച ജീപ്പ് ഇടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ചു. സിവിൽ എൻജിനിയറിംഗ് ആറാം സെമസ്റ്റർ വിദ്യാർഥിനി നിലമ്പൂർ വഴിക്കടവ് കുന്നത്ത് പുല്ലഞ്ചേരി ബഷീറിന്റെ മകൾ തെസ്നി ബഷീറാണ് (20) മരിച്ചത്. ഇന്നലെ രാത്രി 12.15 ഓടെയാണ് മരണം സ്ഥിരീകരിച്ചത്. ഇന്ന് പോസ്റ്റ് മോർട്ടത്തിനുശേഷം നിലമ്പൂരിലെ വീട്ടിലേക്ക് കൊണ്ടുപോകും.

ബുധനാഴ്‌ച ആൺകുട്ടികളുടെ ഹോസ്റ്റലിൽ ഉച്ചയ്ക്ക് 12ന് തുടങ്ങിയ ആഘോഷം വൈകിട്ടാണ് കാമ്പസിലേക്ക്
മാറുകയായിരുന്നു. ലോറി, ജീപ്പ്, ബൈക്ക് തുടങ്ങിയ വാഹനങ്ങളുടെ അകമ്പടിയോടെ കാമ്പസിൽ ഘോഷയാത്ര നടത്തുമ്പോഴായിരുന്നു അത്യാഹിതം. വനിതാ ഹോസ്റ്റലിലേക്ക് പോകാൻ കാമ്പസിലെ റോഡ് മുറിച്ചു കടക്കുമ്പോൾ അമിതവേഗതയിൽ എത്തിയ ജീപ്പ് നിയന്ത്രണം വിട്ട് തെസ്‌നിയെ
ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

തെസ്‌നിയെ ഇടിച്ചിട്ടശേഷം ജീപ്പ് നിറുത്താതെ പോകുകയായിരുന്നു. വളരെ നേരം കഴിഞ്ഞ് ജീപ്പിലുണ്ടായിരുന്ന ചിലർ എത്തിയാണ് വിദ്യാർഥിനിയെ ആശുപത്രിയിലേക്ക് മാറ്റിയത്. വീഴ്ചയിൽ തലയ്ക്ക് പരുക്കേറ്റ തെസ്‌നിക്ക് ബോധം നഷ്ടപ്പെട്ടിരുന്നു. വൈകിട്ട് 3.30നു നടന്ന സംഭവം. തലയ്‌ക്ക് പരുക്കേറ്റ കുട്ടിയെ വളരെ താമസിച്ചാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാത്രി 8.30നാണ് അധികൃതര്‍ വിവരം പൊലീസില്‍ അറിയിച്ചത്.

അപകടത്തെ തുടർന്ന് തലയ്‌ക്ക് പരുക്കേറ്റതിനാല്‍ ഗുരുതരാവസ്ഥയിലായ തെസ്നിയെ ഇന്നലെ രാവിലെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയയാക്കിയെങ്കിലും ചികിത്സയോടു പ്രതികരിക്കാതിരുന്നതിനാൽ വീണ്ടും ശസ്ത്രക്രിയ വേണ്ടിവന്നു. തലച്ചോറിൽ രക്തം കട്ടപിടിക്കുകയും ശക്തമായ ഹൃദയാഘാതം ഉണ്ടാവുകയും ചെയ്തതാണ് സ്ഥിതി വഷളാക്കിയത്. ഇന്നലെ ഉച്ചമുതൽ വെന്റിലേറ്ററിന്റെ സഹായത്തിലായിരുന്നു. എന്നാല്‍ രാത്രി 12.15 ഓടെ
മരണം സംഭവിക്കുകയായിരുന്നു.

വിദ്യാര്‍ഥിനി മരിച്ചതിനെ തുടര്‍ന്ന് ഏഴാം സെമസ്റ്റർ വിദ്യാർഥി കണ്ണൂർ സ്വദേശി ബൈജുവടക്കം 12 പേർക്കെതിരെ നരഹത്യയ്ക്ക്
കേസെടുത്തു. സംഭവസമയത്ത് ബൈജുവാണ് ജീപ്പോടിച്ചിരുന്നത്. തുറന്ന ജീപ്പ് നിറയെ വിദ്യാർഥികളുണ്ടായിരുന്നു. ഇവരെല്ലാം ഒളിവിലാണെന്നാണു പൊലീസ് ഭാഷ്യം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :