ഗൾഫ് വിമാന ടിക്കറ്റ് നിരക്ക് വർധന: ഇടപെടാനാവില്ലെന്ന് കേന്ദ്രസർക്കാർ

അഭിറാം മനോഹർ| Last Modified വ്യാഴം, 6 ജൂലൈ 2023 (13:26 IST)
ഗള്‍ഫ് വിമാന ടിക്കറ്റ് നിരക്ക് വര്‍ധനയില്‍ ഇടപെടാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഇപ്പോഴത്തെ നിരക്ക് കൂടാന്‍ യാത്രക്കാരുടെ തിരക്കും വിമാന ഇന്ധനവില വര്‍ധനവുമാണ് കാരണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അറിയിച്ചു. അടൂര്‍ പ്രകാശ് എം പിയുടെ കത്തിന് മറുപടിയായാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.

ഗള്‍ഫില്‍ നിന്നും കേരളത്തിലേക്കുള്ള വിമാനടിക്കറ്റുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് കത്തയച്ചിരുന്നു. കുതിച്ചുയരുന്ന ഫ്‌ളൈറ്റ് ടിക്കറ്റ് നിരക്ക് കാരണം പലരും കേരളത്തിലേയ്ക്കുള്ള യാത്രകള്‍ മാറ്റിവെയ്ക്കുന്ന സാഹചര്യമാണുള്ളതെന്നും പ്രശ്‌നത്തില്‍ അടിയന്തിരമായി ഇടപെടണമെന്നുമാണ് കത്തില്‍ ആവശ്യപ്പെടുന്നത്.

ഓണം സീസണിന് നാട്ടിലെത്താന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് കടുത്ത ആഘാതമാണ് ടിക്കറ്റ് നിരക്കുകളിലെ ഈ വര്‍ധനവ്. കടുത്ത ടിക്കറ്റ്‌നിരക്കുകള്‍ കാരണം പ്രവാസികള്‍ യാത്രകള്‍ മാറ്റിവെയ്ക്കുന്ന സാഹചര്യമാണുള്ളത്. അതിനാല്‍ വിഷയത്തില്‍ അടിയന്തിരമായി ഇടപെടണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ആവശ്യം. ആവശ്യമെങ്കില്‍ ആഗസ്ത് 15 മുതല്‍ സെപ്റ്റംബര്‍ 15 വരെയുള്ള ഒരു മാസം യുഎഇയില്‍ നിന്നും പ്രത്യേക ചാര്‍ട്ടേഡ് വിമാനം ഏര്‍പ്പെടുത്തണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :