കലാഭവൻ മണിയുടേത് കൊലപാതകമല്ലെന്ന് സിബിഐ, മരണകാരണം കരൾ രോഗം

വെ‌ബ്‌ദുനിയ ലേഖകൻ| Last Modified തിങ്കള്‍, 30 ഡിസം‌ബര്‍ 2019 (18:56 IST)
നടൻ കലാഭവൻ മണിയുടേത് കൊലപാതകമല്ലെന്ന് റിപ്പോർട്ട്. കരൾ രോഗമാണ് മണിയുടെ മരണത്തിന് കാരണമായത് എന്നാണ് സിബിഐ അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്. റിപ്പോർട്ട് സീബിഐ കോടതിയിൽ സമർപ്പിച്ചു. തുടർച്ചയായ മദ്യപാനമാണ് കരൾ രോഗത്തിന് കാരണമായത്. കലാഭവൻ മണിയുടെ വയറ്റിൽ നിന്നും കണ്ടെത്തിയ വിഷപദാർത്ഥം മദ്യത്തിൽനിന്നുമുള്ളതാണെന്നും റിപ്പോർട്ടിൽ പറയുന്നു. പോണ്ടിച്ചേരി ജിപ്‌മെറിലെ വിദഗ്ധ സംഘത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സിബിഐ റിപ്പോർട്ട് സമർപ്പിച്ചത്.

2016 മാർച്ച് ആറിന് ചാലക്കുടിയിൽ പാടി എന്ന വിശ്രമ കേന്ദ്രത്തിൽ വച്ച് കുഴഞ്ഞുവീണതിനെ തുടർന്ന് കൊച്ചിയിലെ ആശുപത്രിയിൽ വച്ചാണ് കലാഭവൻ മണി മരിക്കുന്നത്. മരണം വലിയ ദുരൂഹതകൾക്ക് തന്നെ വഴി വച്ചു. കരൾ രോഗം കാരണം ഉള്ള മരണം എന്നായിരുന്നു പ്രാഥമിക റിപ്പോർട്ട്. എന്നാൽ പിന്നീടുള്ള പരിശോധനയിൽ കലാഭവൻ മണിയുടെ ശരീരത്തിൽ മെഥനോളിന്റെയും കീടനാശിനിയുടെയും സാനിധ്യം കണ്ടെത്തി. ഇതാണ് കൊലപാതകം എന്ന സംശയം ബലപ്പെടുത്തിയത്.

എന്നാൽ കേന്ദ്ര ലാബിലെ പരിശോധനയിൽ കലാഭവൻ മണിയുടെ ശരീരത്തിൽ മെഥനോളിന്റെ അംശം മാത്രമാണ് ഉള്ളത് എന്നും. മരണത്തിന് കാരണമാകാവുന്ന അളവിൽ മെഥനോൾ ശരീരത്തിൽ ഉണ്ടായിരുന്നു എന്നും കണ്ടെത്തി. ഇതോടെ പാടിയിൽ കലാഭവൻ മണിക്കൊപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കളെ പൊലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. അഞ്ച് പേരെ നുണ പരിശോധനക്കും വിധേയാരാക്കി. എന്നാൽ കാര്യമായ വിവരങ്ങളൊന്നും ലഭിച്ചില്ല. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കലഭവൻ മണിയുടെ സഹോദരൻ ഹൈക്കോടതിയെ സമീപിപിച്ചതോടെയാണ് കേസ് സിബിഐക്ക് കൈമാറിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :