അഭിറാം മനോഹർ|
Last Modified തിങ്കള്‍, 12 ഡിസംബര്‍ 2022 (13:02 IST)
സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള ചലച്ചിത്ര വിദ്യാഭ്യാസ സ്ഥാപനമായ കോട്ടയം കാഞ്ഞിരമറ്റം കെ.ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സിലെ ജാതിവിവേചനത്തിൽ പ്രതികരിക്കാതെ സർക്കാർ. ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറുടെ വീട്ടിൽ പോലും സ്വീപ്പിങ്ങ് തൊഴിലാളികൾ പണിയെടുക്കേണ്ടി വരുന്നെന്നും ടൊയ്‌ലറ്റ് ബ്രഷ് ഉപയോഗിച്ച് കഴുകിയാൽ വൃത്തിയാകില്ലെന്ന് പറഞ്ഞ് കൈ കൊണ്ട് വൃത്തിയാക്കിച്ചിരുന്നുവെന്നും ഇൻസ്റ്റിറ്റ്യൂട്ടിലെ സ്വീപ്പിങ് തൊഴിലാളികൾ ആരോപിക്കുന്നു.
ഇൻസ്റ്റിറ്റ്യൂട്ടിലെ ക്ലീനിങ് ജോലികൾ മാത്രം ചെയ്യാം വീടുപണിക്ക് പോകാൻ പറ്റില്ലെന്ന് പറഞ്ഞാൽ ജോലിയിൽ നിന്നും പിരിച്ചുവിടുമെന്ന് ഭീഷണിപ്പെടുത്തുന്നുവെന്നും
ഇൻസ്റ്റിറ്റ്യൂട്ടിലെ ജാതി അധിക്ഷേപവും ദളിത് വിരുദ്ധതയും ചെയർമാൻ അടൂർ ഗോപാലകൃഷ്ണന് നേരിട്ടറിയാമെന്നും തൊഴിലാളികൾ പറയുന്നു.വിദ്യാർഥികളും സ്ഥാപനത്തിൽ ജാതീയമായ വിവേചനം നേരിടുന്നുവെന്നാണ് വ്യക്തമാക്കുന്നത്.
അതേസമയം ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ഡയറക്ടർ ശങ്കർ മോഹനെതിരെ വിദ്യാർഥികളും ക്ലീനിങ് തൊഴിലാളികളും ആരോപിക്കുന്നത് അടിസ്ഥാനരഹിതമായ ആരോപണങ്ങളാണെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ
അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. ശങ്കർ മോഹൻ ജാതി വിവേചനം കാണിക്കുന്ന ആളല്ലെന്നും സമരം ചെയ്യുന്നവരുടെ ഉദ്ദേശം സ്ഥാപനത്തെ നശിപ്പിക്കുകയാണെന്നും അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു.
അതേസമയം വിഷയം മുഖ്യധാരയിൽ ഉയർന്നു വന്നിട്ടും ഒരു ദളിത് രാഷ്ട്രപതിയുടെ പേരിലുള്ള സ്ഥാപനത്തിൽ ഇത്തരം ആരോപണം ഉയർന്നിട്ടും വിഷയത്തിൽ സർക്കാർ പ്രതികരണം ഒന്നും തന്നെ നടത്തിയിട്ടില്ല.