കാമ്പസുകളിലെ ആഘോഷങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ സര്‍ക്കാര്‍

തിരുവനന്തപുരം| JOYS JOY| Last Modified ചൊവ്വ, 25 ഓഗസ്റ്റ് 2015 (18:38 IST)
സംസ്ഥാനത്തെ കാമ്പസുകളിലെ ആഘോഷങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. ആഭ്യന്തരമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതലയോഗത്തിലാണ് തീരുമാനം. ആഭ്യന്തരമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും പുറമേ വൈസ് ചാന്‍സലര്‍മാരും വിവിധ കോളജുകളിലെ മേധാവികളും യോഗത്തില്‍ പങ്കെടുത്തു.

കോളജുകളില്‍ നടത്തുന്ന ആഘോഷപരിപാടികള്‍ക്ക് സ്ഥാപനമേധാവിയുടെ അനുമതി വേണം. കൂടാതെ പ്രിന്‍സിപ്പാളിന്റെ നേതൃത്വത്തിലുള്ള അച്ചടക്കസമിതി പരിപാടി നിരീക്ഷിക്കണം. നിയമലംഘനം നടത്തുന്ന വിദ്യാര്‍ഥികള്‍ പിഴയടക്കണമെന്നും മൂന്നുതവണ നിയമലംഘനം നടത്തുന്ന വിദ്യാര്‍ഥിയെ കോളജില്‍ നിന്ന് പുറത്താക്കണമെന്നും ഉന്നതതലയോഗത്തില്‍ തീരുമാനമായി.

കൂടാതെ, കോളജിലെ യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനും
യോഗത്തില്‍ ധാരണയായി. പ്രിന്‍സിപ്പാള്‍ ചെയര്‍മാനായ സമിതി എല്ലാ ആഴ്ചയും യൂണിയന്‍ ഓഫീസ് പരിശോധിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

തിരുവനന്തപുരം സി ഇ ടി കോളജില്‍ ഓണാഘോഷത്തിനിടെ പെണ്‍കുട്ടി മരിക്കാനിടയായ സംഭവത്തെ തുടര്‍ന്നായിരുന്നു ഉന്നതതലയോഗം വിളിച്ചു ചേര്‍ത്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :