കൈക്കൂലി: ഫോറസ്റ്റ് ഓഫീസർക്കും ഡ്രൈവർക്കും സസ്‌പെൻഷൻ

Bribe
എ കെ ജെ അയ്യർ| Last Modified ഞായര്‍, 18 ഫെബ്രുവരി 2024 (14:31 IST)
കോഴിക്കോട്: കൈക്കൂലിക്കേസിൽ ഫോറസ്റ്റ് ഓഫീസർക്കും ഡ്രൈവർക്കും സസ്‌പെൻഷൻ ലഭിച്ചു. സംരക്ഷിത വിഭാഗത്തിൽ പെട്ട ഇരുതലമൂരി പാമ്പിനെ കടത്താൻ കൂട്ടുനിന്നതിനും അതിനു കൈക്കൂലി വാങ്ങിയതിനുമാണ് ഇവരെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തത്.

തിരുവനന്തപുരം പരുത്തിപ്പള്ളി റേഞ്ച് ഫോറസ്റ്റ് ഓഫീസർ എൻ.സുധീഷ് കുമാർ, അദ്ദേഹത്തിന്റെ ഡ്രൈവർ ആർ.ദീപു എന്നിവരെയാണ് വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സസ്‌പെൻഡ് ചെയ്തത്. ഇരുതലമൂരിയെ കടത്താനായി ഇരുവരും ചേർന്ന് 1.45 ലക്ഷം രൂപയാണ് കൈക്കൂലി വാങ്ങിയത്. ഇത് കൂടാതെ ഇരുവരും ചേർന്ന് കള്ളത്തടി കടത്താൻ കൂട്ടുനിന്നതിനു 35000 രൂപ കൈക്കൂലി വാങ്ങുകയും ചെയ്തു.

വനം വകുപ്പിന് അവമതിപ്പ് ഉണ്ടാക്കുന്ന തരത്തിൽ ഇരുവരും ചേർന്ന് നിരവധി സംഭവങ്ങൾക്കാണ് കാരണമായത്. ഇതിനെ തുടർന്ന് പോലീസ് വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. സുധീഷിനെ മുമ്പ് അന്വേഷണ വിധേയമായി പരുത്തിപ്പള്ളിയിൽ നിന്ന് സ്ഥലം മാറ്റിയിരുന്നെങ്കിലും സംഘടനാ പരമായ സ്വാധീനം ഉപയോഗിച്ച് ഇയാൾ വീണ്ടും തിരികെയെത്തിയത് വിവാദമായിരുന്നു.

കൈക്കൂലി പണം ഇരുവരും നേരിട്ടും ഗൂഗിൾ പേ വഴിയുമാണ് സ്വീകരിച്ചിരുന്നത്. ആര്യനാട് ഭാഗത്തു നിന്നുള്ള തട്ടിയാണ് പിടികൂടിയതും പിന്നീട് കൈക്കൂലി വാങ്ങി.വിട്ടുനൽകിയതും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :