കൈക്കൂലി കേസിൽ വില്ലേജ് അസിസ്റ്റന്റിനു രണ്ടു വർഷം തടവും പിഴയും
എ കെ ജെ അയ്യര്‍|
Last Modified ബുധന്‍, 21 ജൂണ്‍ 2023 (18:13 IST)
തൃശൂർ: കൈക്കൂലി കേസിൽ അറസ്റ്റിലായ വില്ലേജ് അസിസ്റ്റന്റിനെ കോടതി രണ്ടു വർഷത്തെ തടവ് ശിക്ഷയ്ക്കും അര ലക്ഷം രൂപ പിഴയും വിധിച്ചു. പാലക്കാട് ചളവറ വില്ലേജ് അസിസ്റ്റന്റ് ആയിരുന്ന വി.ജെ.വിത്സനെയാണ് കോടതി ശിക്ഷിച്ചത്.
കേസിനാസ്പദമായ സംഭവം നടന്നത് 2012 ലായിരുന്നു. സർവേ നമ്പറിലെ തെറ്റ് തിരുത്താൻ ഇയാൾ 2000 രൂപ കൈക്കൂലി വാങ്ങവേ വിജിലൻസിന്റെ പിടിയിലായിരുന്നു. പിതാവിന്റെ പേരിലുള്ള ഭൂമിയുടെ സർവേ നമ്പറിൽ തെറ്റ് കണ്ടെത്തിയതിനെ തുടർന്നാണ് പരാതിക്കാരൻ വില്ലേജ് ഓഫീസിൽ എത്തിയത്. എന്നാൽ തെറ്റ് തിരുത്തണമെങ്കിൽ മൂവായിരം രൂപ വേണമെന്ന് വിത്സൺ ആവശ്യപ്പെട്ടു.
ഇതിൽ സ്ഥല പരിശോധന സമയത്ത് ആയിരം രൂപ വാങ്ങി. ബാക്കി ഓഫീസിൽ എത്തിക്കാനും ആവശ്യപ്പെട്ടിരുന്നു. ഈ തുക നൽകിയതും വിജിലൻസ് കൈയോടെ ഇയാളെ പിടികൂടുകയും ചെയ്തിരുന്നു. തൃശൂർ വിജിലൻസ് കോടതി ജഡ്ജി ജി.അനിലാണ് ശിക്ഷ വിധിച്ചത്.