ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരിക്കേണ്ടെന്ന് വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം| JOYS JOY| Last Modified ചൊവ്വ, 17 നവം‌ബര്‍ 2015 (14:21 IST)
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരിക്കുന്നതിനോട് വ്യക്തിപരമായി തനിക്ക് യോജിപ്പില്ലെന്ന് വിദ്യാഭ്യാസമന്ത്രി പി കെ അബ്‌ദുറബ്ബ്. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ ഏതെങ്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരിക്കുന്നതായി അറിയില്ല. വേറെ വേറെ കസേരകളിലാണെങ്കില്‍ വിദ്യാര്‍ത്ഥികള്‍ ഇടകലര്‍ന്ന് ഇരിക്കുന്നതില്‍ കുഴപ്പമില്ല. ഒരുമിച്ച് മുട്ടിയുരുമി ഇരിക്കുന്നതിനോട് തനിക്ക് വ്യക്തിപരമായി യോജിപ്പില്ല.

ഒരുമിച്ചിരിക്കുന്ന രീതി ഇതുവരെ കേരളത്തില്‍ എവിടെയെങ്കിലും ഉള്ളതായി അറിയില്ല. കുട്ടികള്‍ക്കും മാനേജ്‌മെന്റുകള്‍ക്കും ഇഷ്‌ടമാണെങ്കില്‍ എങ്ങനെ വേണമെങ്കിലും ഇരിക്കാം. ലിംഗവിവേചനത്തിന്റെ ഭാഗമായി ഒരുമിച്ചിരിക്കുന്നവരെ തടയാന്‍ കഴിയില്ലെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു.

കോഴിക്കോട് ഫാറൂഖ് കോളജില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരുന്നതിന്റെ പേരില്‍ വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :